ആലപ്പുഴ: മാരാരിക്കുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ജില്ലയിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശിച്ചു. അഭയ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് കളക്ടര്‍ എത്തിയത്. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുമരാമത്ത് ഓവര്‍സിയര്‍ എം.പി വിനീഷ് കളക്ടര്‍ക്ക് വിവരിച്ച് നല്‍കി.

നിര്‍മ്മാണം അന്തിമ ഘട്ടത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അവസാനവട്ട മിനുക്ക് പണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. മഴക്കാലം ശക്തിപ്രാപിക്കുമ്പോഴേക്കും ഈ അഭയകേന്ദ്രം തുറന്നുകൊടുക്കാനാണ് ജില്ലാഭരണകൂടത്തിന്റെ പദ്ധതി

ചുഴലിക്കാറ്റ് ഇതര പ്രകൃതി ദുരന്തങ്ങളില്‍ വിഷമത്തിലാകുന്ന ജനങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് മാരാരിക്കുളത്തെ ജനക്ഷേമം കോളനിയില്‍ സജ്ജമാകുന്നത്. മൂന്നു നിലകളുള്ള കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, പൊതു അടുക്കള, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയുമുണ്ട്. മാരാരിക്കുളം വില്ലേജ് ഓഫീസര്‍ കെ. അനൂജ്, കെട്ടിടം നിര്‍മ്മിക്കുന്ന ജെ ആന്റ് ജെ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ കെ.എം. സന്തോഷ് എന്നിവരും സന്നിഹിതരായിരുന്നു.