വരൾച്ചാ പ്രതിരോധത്തിനും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള 2018- 19 വാർഷിക ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് ജില്ലാ പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിച്ചു. ലൈഫ് പദ്ധതിയുടെ വിഹിതമായി 7.58 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷികമേഖലയുടെ തകർച്ച്ക്കിടയിലും ജില്ലയിലെ കർഷകർക്ക് ആശ്രയമായിരുന്ന ക്ഷീരമേഖലയിൽ ഇൻസെന്റീവ് നൽകുന്നതിനായി രണ്ടുകോടി രൂപ നീക്കിവച്ചു. പാലാഴി പദ്ധതിലാണ് തുക വകയിരുത്തിയത്. വരൾച്ചാ ലഘൂകരണ പ്രവർത്തനങ്ങൾക്കായി കബനി നദീതട സംരക്ഷണം ലക്ഷ്യമാക്കി അൻപതുലക്ഷം രൂപ നീക്കിവച്ചു. ജലസേചന – മണ്ണ് സംരക്ഷണ പദ്ധതിയിൽ ചെക്ക് ഡാമുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു കോടി രൂപ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കയർ ഭൂവസ്ത്രം സ്ഥാപിച്ചു പൊതുകുളങ്ങളുടെ സംരക്ഷണവും നവീകരണവും നിർമ്മാണവും നടത്തുന്നതിനായി ജല ബൂത്തുകൾക്ക് 40 ലക്ഷം രൂപ , സ്‌കൂളുകളിൽ കിണർ റീചാർജിങ് പദ്ധതിക്കായി 15 ലക്ഷം രൂപ, വരൾച്ചാ ദുരിതാശ്വാസം പുൽപ്പള്ളി – മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തികൾക്ക് 50 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
നെൽകർഷകരെ സഹായിക്കുന്നതിനായി ഈ വർഷം രണ്ടു കോടി 10 ലക്ഷം രൂപ വിവിധ ഫണ്ടുകളിലായി നീക്കിവെച്ചു. പട്ടികവർഗ്ഗ സങ്കേതങ്ങളിൽ സാംസ്‌കാരിക നിലയങ്ങൾ നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട.് ജില്ലാപഞ്ചായത്ത് കഴിഞ്ഞവർഷം ആരംഭിച്ച വയോജനങ്ങൾക്കായുള്ള പുനർജനി പദ്ധതി തുടരും. ഇവർക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് അൻപതുലക്ഷം രൂപ നീക്കിവെച്ചു. സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ 80 ലക്ഷം രൂപയും പെൺകുട്ടി സൗഹൃദ ശൗചാലയങ്ങൾ സ്ഥാപിക്കാൻ 80 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്ക് സ്‌നേഹ വാഹനം എന്ന പേരിൽ മുച്ചക്രവാഹനങ്ങൾ നൽകുന്നതിനായി 30 ലക്ഷം രൂപയും ബജററിൽ വകയിരുത്തി. സ്‌കൂൾ കെട്ടിടങ്ങളുടെയും ഓഡിറ്റോറിയങ്ങളുടെയും നവീകരണവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂൾ- ഹയർസെക്കൻഡറി സ്‌കൂളുകളിലെ ആസ്ബസ്റ്റോസ് മേഞ്ഞ മേൽക്കൂരകൾ മാറ്റി സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ നീക്കിവെച്ചു. തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ഹൈടെക്ക് സ്‌കൂൾ സ്മാർട്ട്ക്ലാസ് എന്ന പേരിൽ പദ്ധതിക്കായി 50 ലക്ഷം രൂപ, 51 ശതമാനത്തിലധികം പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠിക്കുന്ന സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ ഏർപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റിൽ ഉൾപ്പെടുത്തി. ജില്ലയിലെ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്നതിന് ഒരു കോടി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയിൽ കായിക കേന്ദ്രം സ്ഥാപിക്കുന്നതിനായി ദ്വീവത്സര പദ്ധതിയായി രണ്ടു കോടി രൂപ നീക്കിവച്ചു. ടെറസ് സൗകര്യമുള്ള സ്‌കൂളുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ, സ്‌കൂളുകളുടെ വൈദ്യുതീകരണത്തിന് 30 ലക്ഷം രൂപ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് പഠനമുറി ക്കായി 50 ലക്ഷം രൂപ, ഊരുകളിൽ സാമൂഹിക പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. ലൈബ്രറികൾക്ക് പുസ്തകങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് 32 ലക്ഷം രൂപ, ഹൈസ്‌കൂൾ- ഹയർസെക്കൻഡറി സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകുന്നതിന് ഇരുപത്തഞ്ച് ലക്ഷം രൂപ, സ്‌കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് 10 ലക്ഷം രൂപ, ഐ.ടി.അറ്റ് ഗോത്ര ഗൃഹം കോളനികളിലെ കെട്ടിടം സൗകര്യമുള്ളിടത്ത് കമ്പ്യൂട്ടർ സാക്ഷരത (അക്ഷയ സെന്റർ മാതൃകയിൽ) അൻപതുലക്ഷം രൂപ, മാവിലാംതോട് പഴശി സ്മാരക കെട്ടിടനിർമ്മാണത്തിന് 30 ലക്ഷം രൂപ വകയിരുത്തി. ജില്ലയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒമ്പതുകോടി 50 ലക്ഷം രൂപയും വനിത സാംസ്‌കാരിക നിലയങ്ങൾക്ക് 70 ലക്ഷം രൂപയും ജില്ലയിൽ കാർഷിക ഫാം സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് ഒന്നരക്കോടി രൂപയും ബജറ്റിൽ വകയിരുത്തി. കുടുംബശ്രീ സംരഭങ്ങൾക്ക് വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് 50 ലക്ഷം രൂപയും ഹരിത മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയും നീക്കിവച്ചു. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസന പരിപാടികൾക്കായി ഒന്നരക്കോടി രൂപ നീക്കിവച്ചു. ഇവിടുത്തെ മൊബൈൽ ഐസിയുസൗകര്യം വാങ്ങുന്നതിന് 20 ലക്ഷം രൂപയും ആശുപത്രിയിലെ സീവേജ് പ്ലാന്റ് നിർമാണം രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും വകയിരുത്തി.
95,89,76000 കോടി രൂപയുടെ വരവും 95,41,35000 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തിൽ അവതരിപ്പിച്ചത്. വിവിധ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, അംഗങ്ങൾ ജില്ലാ തല നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരായി. ബജറ്റിനെ സംബന്ധിച്ച ചർച്ചയും നടന്നു.
• മറ്റ് പ്രധാനപ്പെട്ട ബജറ്റ് നിർദ്ദേശങ്ങൾ ചുവടെ:
സാമൂഹ്യക്ഷേമം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പകൽവീടുകളിൽ ഫർണ്ണിച്ചറുകൾ നൽകുന്നതിന് പത്ത് ലക്ഷം രൂപ .
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി നൽകുന്ന സ്‌കോളർഷിപ്പിനായി ഒരു കോടി രൂപ
കുടുംബശ്രീ-തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം നൽകാൻ 50 ലക്ഷം നീട്ടിവെച്ചു.
ശിശുക്കൾ: കൂടുതൽ സൗകര്യമുള്ള അഞ്ച് അംഗൺവാടികൾ നിർമ്മിക്കുന്നതിന് 75 ലക്ഷം രൂപ
ഹൈടെക് അംഗൺവാടി-ഭൗതിക സാഹചര്യങ്ങളുള്ള 100 അംഗൺവാടികളിൽ വിനോദത്തിനും വിജ്ഞാനത്തിനുമുതകുന്ന തരത്തിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി 45 ലക്ഷം രൂപ
അതിജീവനം: ഭർത്താക്കൻമാരാൽ ഉപേക്ഷിക്കപ്പെട്ടവരും ദൈനംദിന ജീവനത്തിനുപോലം കഷ്ടപ്പെടുന്നവരുമായ സ്ത്രീകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിയമ സഹായമടക്കമുള്ള സഹകരണം ലഭ്യമാക്കുന്നതിനുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിക്ക് പത്തു ലക്ഷം രൂപ
ജന്റർ റിസോർട്ട് സെന്റർ 50 ലക്ഷം രൂപ
വിദ്യാഭ്യാസം, കലാകായികം: തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ഹൈടെക് സ്‌കൂൾ വസ്മാർട്ട് ക്ലാസ് എന്ന പേരിൽ ഒരു പദ്ധതിക്കായി അമ്പത് ലക്ഷം രൂപ
അമ്പത്തൊന്നു ശതമാനത്തിലധികം പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകളിൽ ഹൈടെക് ക്ലാസ്സ് മുറികൾ ഏർപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപ
പ്രഭാതഭക്ഷണം- ജില്ലയിലെ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്നതിന് ഒരു കോടി ഇരപത്തഞ്ചു ലക്ഷം രൂപ
ഐടി @ ഗോത്ര ഗൃഹം കോളനികളിലെ കെട്ടിട സൗകര്യമുള്ളിടത്ത് കമ്പ്യൂട്ടർ സാക്ഷരത (അക്ഷയ സെന്റർ മാതൃകയിൽ) 50 ലക്ഷം രൂപ
പൊതുമരാമത്ത്
മാവിലാംതൊട്-പഴശ്ശി സ്മാരക കെട്ടിടം-30 ലക്ഷം രൂപ
ജില്ലയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 9 കോടി അമ്പത് ലക്ഷം രൂപ
പ്രിയദർശിനി-വനിതാ സാംസ്‌കാരിക നിലയങ്ങൾ 70 ലക്ഷം രൂപ
തരിശായി കിടക്കുന്ന വയലുകൾ കൃഷിയോഗ്യമാക്കുന്നതിന് 20 ലക്ഷം രൂപ
ആരോഗ്യം-ശുചിത്വം
ക്ലീൻ വയനാട്- ഹരിതമിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന ഉറവിട മാലിന്യ സംസ്‌കരണപ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ
മൃതശരീരങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുതകുന്ന തരണത്തിൽ ഗ്യാസ്/വൈദദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ക്രിമറ്റോറിയം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ
പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് മുപ്പതു ലക്ഷം രൂപ
കാൻസർരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.