കുത്തന്നൂര്‍ ഗവണ്‍മെന്റ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ഉദ്ഘാടനം ഓഗസ്റ്റ് 12ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് പട്ടിക ജാതി- വര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. കോളെജ് ഉദ്ഘാടനത്തിന്റെ ഭാഗമായി രൂപവത്കരിച്ച സ്വാഗത സംഘത്തിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോളെജ് ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം എന്നീ കോഴ്‌സുകളാണ് കോളെജിലുള്ളത്. തോലന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലത്താണ് കോളെജ് കെട്ടിടം നിര്‍മിച്ചത്. സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി എ.കെ ബാലന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. രണ്ടു നിലകളും ഒരു ഭൂഗര്‍ഭ നിലയടക്കം മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളാണുള്ളത്. സര്‍ക്കാര്‍ കോളെജില്ലാതിരുന്ന തരൂര്‍ മണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം മുതല്‍ പ്ലസ് ടു വരെയുള്ള പഠനത്തിനു അവസരമുള്ള തോലന്നൂര്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കോളെജ് ആരംഭിക്കുന്നതോടെ അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഇവിടെ സാധ്യമാകും. കോളെജിലേക്കുള്ള ഡിഗ്രി കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അപേക്ഷ ഫോം 50/- രൂപ നിരക്കില്‍ തോലന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന കോളെജിന്റെ താത്ക്കാലിക ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം കോളെജില്‍ എത്തിക്കണം. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ആറിന് വൈകീട്ട് അഞ്ച് മണിക്ക് കോളെജ് ഓഫീസില്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 10നാണ് പ്രവേശനം. ബി.എ. ഇംഗ്ലീഷിനും ബി.എസ്.സി ജിയോഗ്രഫിക്കും 24 സീറ്റ് വീതവും ബി.കോമിന് 40 സീറ്റുമാണുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകീകൃത പ്രവേശനത്തിനായുള്ള ക്യാപ് ഐഡിയുള്ളവര്‍ ഫോമിനൊപ്പം ഐഡിയും നല്‍കണം. ക്യാപ് ഐഡിയില്ലാത്തവര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് സ്്‌പെഷല്‍ ഓഫീസര്‍ ഡോ.പി. ബാലാസുബ്രഹ്മണ്യം അറയിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പ്രവേശനം.