* സ്മാർട്ട് അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനവും ലോകമുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു

എക്കാലവും പ്രകീർത്തിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളാണ് നമ്മുടെ കുറഞ്ഞ മാതൃശിശുമരണനിരക്കിനു കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി നീതി ആയോഗ് ഇത്തവണയും കണ്ടെത്തിയത് കേരളത്തെയാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിന്റേയും ലോക മുലയൂട്ടൽ വാരാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൊണ്ണൂറ് ശതമാനം കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പരിഷ്‌കൃത രാജ്യത്തിനു ചേരുന്ന നിലയിലല്ല കുട്ടികളുടെ ജനനസമയത്ത് സംരക്ഷണം നൽകുന്ന കാര്യത്തിൽ ഇന്ത്യ. 1000 നവജാതശിശുക്കളിൽ 39 പേരും ഒരുവയസ്സിനുമുമ്പ് മരണമടയുന്നു.

സൗന്ദര്യസംരക്ഷണത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ മുലയൂട്ടാൻ വിസമ്മതിക്കുന്ന അമ്മമാരുണ്ട്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതാണ് ഏറ്റവും വലിയ സൗന്ദര്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ കുട്ടികൾ നാളത്തെ സമൂഹത്തിന്റെയും ഭാവിയുടെയും ഭാഗധേയം നിർണയിക്കുന്നവരാണ്.

അവരുടെ ഭാവി മുളയിലെ നുള്ളിക്കളയാതിരിക്കണം. സ്മാർട്ട് അങ്കണവാടിയിലൂടെ അങ്കണവാടികൾക്ക് സമൂലമായ മാറ്റം വരികയാണ്. കുട്ടികൾക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തിനുവേണ്ട പരിശീലനം അവിടെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്മാർട്ട് അങ്കണവാടികൾ അങ്കണവാടികളുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. അങ്കണവാടികൾ ആധുനികമാവുന്നതോടെ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം വർധിക്കും.  കെട്ടിലും മട്ടിലും മാത്രമല്ല, പാഠ്യപദ്ധതിയിലും ഇതോടെ മാറ്റമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഒ.രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ ഐഷ ബേക്കർ, ഡോ.ബി.വിജയലക്ഷ്മി, സംസ്ഥാനനിർമിതികേന്ദ്രം ഡയറക്ടർ യു.വി.ജോസ് എന്നിവർ സന്നിഹിതരായി. സാമൂഹികനീതി-വനിതാശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ സ്വാഗതവും വനിതാശിശുവികസന വകുപ്പ് ഡയറക്ടർ ഷീബജോർജ് നന്ദിയും പറഞ്ഞു. പ്രളയത്തിൽ തകർന്ന അങ്കണവാടികൾ വേഗത്തിൽ പുനർനിർമിച്ചതിന് ആലപ്പുഴ സബ് കളക്ടർ വി.ആർ.കൃ്ഷ്ണതേജയെ മുഖ്യമന്ത്രി ആദരിച്ചു.

അങ്കണവാടികളുടെ രൂപകല്പന നിർവഹിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നൽ നൽകുന്ന സ്മാർട്ട് അങ്കണവാടികളാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. 2019-20 സാമ്പത്തിക വർഷം സംസ്ഥാനത്ത് 210 സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രവും കോളേജ് ഓഫ് ആർക്കിടെക്ച്ചറും ചേർന്ന് സ്ഥാപിച്ച ലാറി ബേക്കറിന്റെ പേരിലുള്ള കാറ്റ് ലാബിഷാസ് ഡീസൈൻ ലാബിലാണ് ഇതിന്റെ മാതൃകകൾ ഡിസൈൻ ചെയ്തത്.

വ്യത്യസ്ത വിസ്തൃതിയിലുള്ള ആറ്  അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയാറാക്കിയിട്ടുള്ളത്. ഒന്നര സെന്റ് മുതൽ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് അങ്കണവാടി കെട്ടിടം ഡിസൈൻ ചെയ്തിട്ടുള്ളത്. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ള അങ്കണവാടികൾക്ക് നീന്തൽക്കുളം, ഉദ്യാനം, ഇൻഡോർ ഔട്ട് ഡോർ കളിസ്ഥലങ്ങൾ എന്നീ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ സമാംരംഭം എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുര വനിത ശിശു വികസന വകുപ്പിന്റെ അധീനതയിലുള്ള 10 സെന്റ് സ്ഥലത്ത് തിരുവനന്തപുരം അർബൻ 2 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 37-ാം നമ്പർ അങ്കണവാടിയ്ക്ക് ഒരു സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമിക്കും.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി പൂർണമായും വകുപ്പിന്റെ ഫണ്ട് മാത്രം വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമിക്കുന്നത്. രണ്ട് നിലകളിലായി 1655.23 സ്‌ക്വയർഫീറ്റ് വിസ്തീർണമുള്ള സ്മാർട്ട് അങ്കണവാടിക്ക് 44,94,518 രൂപയാണ് നിലവിൽ എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.