കാസര്‍ഗോഡ്:  ബേളൂര്‍ ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും മന്ത്രി ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക.

സര്‍ക്കാരിന്റെ 201920 വാര്‍ഷിക പദ്ധതിയില്‍ നിന്നും ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. രണ്ടു നിലകളിലായി എട്ട് ക്ലാസ് മുറികള്‍, സ്റ്റെയര്‍കെയ്‌സ് റൂം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തോടൊപ്പം പ്രത്യേകം ശുചിമുറി ബ്ലോക്കും ഉണ്ടാകും. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ കെട്ടിടത്തിന്റെ ചുമതല എല്‍ എസ് ജി ഡി എഞ്ചിനീയറിങ് വിഭാഗത്തിനാണ്.