വനിത ദിനാഘോഷങ്ങളുടെ ഭാഗമായി പരപ്പയില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. കാസര്‍കോട് വനിതാ ശിശു വികസന വകുപ്പ് പരപ്പ ഐസി ഡി എസ് ആണ് രാത്രി നടത്തം സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി സഞ്ചരിക്കുവാന്‍ സ്വയം പ്രാപ്തരാകണമെന്നും പുതിയ കാലത്ത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി സഞ്ചരിക്കാന്‍ കഴിയണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു. പരപ്പച്ചാല്‍, കമ്മാടം, താഴെ പരപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ വനിതകളുടെ സംഘങ്ങള്‍ പരപ്പ ടൗണില്‍ ഒത്തുചേര്‍ന്നു. പൊതുയിടം എന്റേത് കൂടി ആണെന്ന് രാത്രി നടത്തത്തില്‍ പങ്കെടുത്തവര്‍ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലി. നിര്‍ഭയ ദിനാചരണത്തോട് അനുബന്ധിച്ച് വനിതാദിനമായ മാര്‍ച്ച് എട്ടുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് പരപ്പ ഐസിഡിഎസ് രാത്രി നടത്തം സംഘടിപ്പിച്ചത്. ശിശുവികസന പദ്ധതി ഓഫീസര്‍ ജ്യോതി ജെ അധ്യക്ഷയായിരുന്നു. ടി. ത്രിവേണി, രാധാ വിജയന്‍ , ശാന്ത പട്‌ളം, റീജ വി , സെക്കീന രാജു , ഏ.ആര്‍ അഗജ, കെ. ഷീല തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.