സാംസ്‌കാരിക രംഗത്തും കാര്‍ഷികമേഖലയിലും നൂറ്റാണ്ടിന്റെ പാര്യമ്പര്യമുള്ള പ്രദേശമാണ് ചെറുവത്തൂര്‍ പഞ്ചായത്ത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ നീലേശ്വരം ബ്ലോക്കില്‍ പെടുന്ന ചെറുവത്തൂര്‍ കുന്ന്, പുഴ, കായല്‍ തടങ്ങിയവ കൊണ്ട് അതിരിട്ടു കിടക്കുന്നു. വടക്കേ അതിര്‍ത്തിയെ വേര്‍തി രിക്കുന്നത് കാര്യങ്കോട് പുഴയാണ്. തെക്ക് പിലിക്കോട്, പടന്ന ഗ്രാമ പഞ്ചായത്തുകള്‍, കിഴക്ക് കയ്യൂര്‍-ചീമേനി, പിലിക്കോട് ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന കവ്വായി കായലും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനോട് അതിരിട്ട് കിടക്കുന്നു. കുന്നുകളും തോടുകളും പുഴകളുംകൊണ്ട് അനുഗൃഹീതമായ നാടാണ് ചെറുവത്തൂര്‍. മയിലാട്ടികുന്ന്, വീരമലകുന്ന്, മടിക്കുന്ന് എന്നീ കുന്നുകളും ഫല ഭൂയിഷ്ടമായ അവയുടെ താഴ് വരകളും സമൃദ്ധമാക്കുന്ന ഭൂപ്രദേശമാണ് ചെറുവത്തൂര്‍. പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെടെ കാണുന്ന ഏക്കല്‍ മണ്ണ് എല്ലാത്തരം കൃഷികള്‍ക്കും ഉചിതമാണ്. അതേ സമയം ഉപ്പുവെള്ളത്തിന്റെ ആധിക്യം, പ്രത്യേകിച്ച് തീരദേശമേഖലയില്‍, കുടിവെള്ളത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. 64 കി.മീ. നീളമുള്ള കാര്യങ്കോട് പുഴക്കും, 31 കി.മീ. വീതിയുള്ള കവ്വായി പുഴക്കുമിടയിലാണ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കാര്‍ഷിക മേഖലയ്ക്കു തന്നെയാണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രാമുഖ്യം നല്‍കുന്നത്. നെല്ല്, തെങ്ങ്, കവുങ്ങ് കശുമാവ്, കുരുമുളക്, മരച്ചീനി, വാഴ, പച്ചക്കറി എന്നിവയാണ് പ്രധാനവിളകള്‍. പടിഞ്ഞാറാന്‍ പ്രദേശം തീരദേശമായതിനാല്‍ ഏറെ പേരും മത്സ്യബന്ധനവുമായി തൊഴില്‍ ചെയ്യുന്നവരാണ്. കലയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന ലഭിച്ച ദേശമാണ് ചെറുവത്തൂര്‍. കലാ രംഗത്ത് തുള്ളലിന്റെ പന്ഥാവിലൂടെയാണ് ചെറുവത്തൂരിനെ മലയാളം അടയാളപ്പെടുത്തി വരുന്നത്. ചെറുവത്തൂര്‍ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പങ്കു വെച്ച് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള സംസാരിക്കുന്നു.

അഞ്ചാം തവണയും സ്വരാജ് ട്രോഫി ചെറുവത്തൂരിന് സ്വന്തം

കാസര്‍കോട് ജില്ലയില്‍ സ്വരാജ് ട്രോഫി അഞ്ചാം തവണയും ചെറുവത്തൂര്‍ പഞ്ചായത്ത് നേടിയിരിക്കുകയാണ്. അഞ്ചാം തവണയും ട്രോഫി സ്വന്തമാക്കിയതോടെ ചുമതലകളും ഉത്തരവാദിത്യവും കൂടി വരികയാണ്. കൃത്യമായ പദ്ധതി നിര്‍വഹണം സമയബന്ധിതമായി നടപ്പിലാക്കിയത് കൊണ്ടാണ് സ്വരാജ് ട്രോഫി സ്വന്തമാക്കാനായത്. അതേ പോലെതന്നെ സാധാരണക്കാര്‍ക്ക് ഫ്രണ്ട് ഓഫിസ് സംവിധാനം വിപുലപ്പെടുത്താനും കഴിഞ്ഞു.

നികുതി പിരിവ് 100 ശതമാനം

നികുതി പിരിവില്‍ ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്. അഞ്ചാം വര്‍ഷവും 100 ശതമാനം നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞു. നികുതി പിരിവിനായി നമ്മള്‍ ഏറ്റെടുത്തത്. ധനകാര്യ സ്ഥിരം സമിതിയുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേര്‍ന്നു നികുതി പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 17 വാര്‍ഡുകളിലും കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ കഴിഞ്ഞു . നല്ല രീതിയിലുളള സഹകരണമാണ് ലഭിച്ചത്. വരുമാനമാര്‍ഗം ഉണ്ടാക്കാനുള്ള ഒട്ടറെ പദ്ധതികള്‍ വരും കാലങ്ങളില്‍ പഞ്ചായത്ത് നടപ്പിലാക്കാന്‍ ശ്രമിക്കും.

സ്ത്രികള്‍ക്ക് തണലൊരുക്കി ഷീ ലോഞ്ച്

ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ അടുത്തടുത്ത് ആയതിനാല്‍ സ്ത്രീകള്‍ രാത്രികാലങ്ങളില്‍ ഒറ്റപ്പെട്ടു പോയാല്‍ താല്‍ക്കാലിക താമസ സൗകര്യത്തിനായാണ് ഷീ ലോഞ്ച് നിര്‍മിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പദ്ധതി നടപ്പിലാക്കിയത്. ഉദ്ഘാടനം നടത്താന്‍ മാത്രമേ അന്നു കഴിഞ്ഞുള്ളൂ. പിന്നീട് കോവിഡിനെ തുടര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. വീണ്ടും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പഞ്ചായത്ത്.

ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍

സ്ത്രീ ശാക്തീകരണത്തിനായി 17 ലക്ഷം ചെലവഴിച്ചാണ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്നത്. വനിതകലാപദ്ധതിയില്‍ പെടുത്തി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കാര്‍ഷിക മേഖലയിലെ മുന്നേറ്റം

കാര്‍ഷികമേഖലയില്‍ മികച്ച നേട്ടമാണ് പഞ്ചായത്ത് കാഴ്ച വയ്ക്കുന്നത്. ജൈവ വളം, ഗ്രോബാഗ്, തെങ്ങിന്‍ തൈ വിതരണം തുടങ്ങിയവ കര്‍ഷകരിലേക്ക് എന്നിച്ചു. മൃഗസംരക്ഷണ മേഖലയിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സബ്‌സിഡി നിരക്കില്‍ കാലത്തീറ്റ മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും എത്തിക്കാനായി.

ക്ലീന്‍ ചെറുവത്തൂര്‍

ശുചിത്വമേഖലയില്‍ മികച്ച നേട്ടം കൈവരിക്കുകയാണ് ചെറുവത്തൂര്‍ പഞ്ചായത്ത്. 17 വാര്‍ഡുകളിലും ഒറ്റ ദിവസം കൊണ്ട് ബേസിക് സര്‍വേ നടത്താന്‍ കഴിഞ്ഞു. 740 റിങ്ങ് കംപോസ്റ്റുകള്‍ വിതരണം ചെയ്തു. എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണം വിജയിപ്പിക്കാന്‍ ഹരിതകര്‍മസേന വഴി സാധിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ബയോബിന്‍ വിതരണവും നടത്തി വരുന്നു.

വയോജനങ്ങളെ കൈപിടിച്ച് ചെറുവത്തൂര്‍

വയോജന വിശ്രമകേന്ദ്രത്തിന് പ്രത്യേക പരിഗണന നല്‍കുന്നു. ഇതിന്റെ കെട്ടിടം തയാറായിട്ടുണ്ട്. മാനസികോല്ലാസത്തിനായി വൈകുന്നേരങ്ങളില്‍ 3 മണിക്ക് ശേഷമാണ് പ്രവര്‍ത്തനം. ഇവര്‍ക്കായി പത്രം, ടെലിവിഷന്‍ സൗകര്യങ്ങള്‍ ഒരുക്കും. കൂടാതെ 100 വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. പാലിയേറ്റീവ് കിടപ്പുരോഗികള്‍ക്കും കട്ടിലുകള്‍ വിതരണം ചെയ്തു. 475 കുടുംബങ്ങള്‍ക്ക് സ്‌നേഹസമ്മാനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഹൈടെക് മിനി കോണ്‍ഫറസ് ഹാള്‍

75 ലക്ഷം ചെലവഴിച്ചാണ് മിനി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നത്. പഴയപഞ്ചായത്ത് കെട്ടിടം പൊളിച്ചാണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുന്നു. സാങ്കേതിക തടസ്സങ്ങള്‍ മറികടന്നാണ് പദ്ധതി വേഗത്തിലാക്കുന്നത്. മണ്ണു പരിശോധന പൂര്‍ത്തിയായി റിപ്പോര്‍ട്ടിന് കാത്തിരിക്കുന്നു. 3 വര്‍ഷത്തിനുള്ളില്‍ 3 നിലകെട്ടിടം നിര്‍മിക്കാമെന്നാണ് പ്രതീക്ഷ.

അഭിമുഖം: ശ്വേത