തോട്ടം മേഖലയിലെ തൊഴിലിലൂടെ ജീവിതം പടുത്തുയര്‍ത്തിയ സുബ്ബലക്ഷ്മിക്ക് അംഗീകാരമായാണ് തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. വയനാട് അട്ടമലയില്‍ 28 വര്‍ഷമായി ജോലി ചെയ്യുകയാണ് സുബ്ബലക്ഷ്മി. ഹാരിസണ്‍ മലയാളത്തിലെ തൊഴിലാളിയായ സുബ്ബലക്ഷ്മി തന്റെ ജോലിയിലെ കൃത്യതയും വേഗതയും കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ വനിതയാണ്. കമ്പനിയിലെ വെല്‍ഫെയര്‍ ഓഫീസറാണ് സുബ്ബലക്ഷ്മിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത് അപേക്ഷ അയച്ചത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനൊപ്പം അധ്വാനിച്ച് രണ്ടു പെണ്‍മക്കളുടെ വിദ്യാഭ്യാസവും വിവാഹവും സുബ്ബലക്ഷ്മി നടത്തിയത് ഈ തൊഴിലിലൂടെയാണ്. വരുമാനത്തോടൊപ്പം സുരക്ഷിതത്വവും നല്‍കിയിരുന്ന ജോലിയിലൂടെ സംസ്ഥാന അംഗീകാരവും തേടിവന്നതിന്റെ സന്തോഷത്തിലാണ് സുബ്ബലക്ഷ്മി.