അമ്മയില്‍ നിന്നാര്‍ജിച്ച കഴിവിനെ തൊഴിലായി സ്വീകരിക്കുമ്പോള്‍ കെ.സുജാത എന്ന തയ്യല്‍ തൊഴിലാളി ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത്തരമൊരു അംഗീകാരം തന്നെ തേടിവരുമെന്ന്. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച മികച്ച തയ്യല്‍ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരത്തെ തന്റെ വഴികാട്ടിയായവര്‍ക്ക് സമര്‍പ്പിക്കാനാണ് സുജാതയ്ക്ക് ഇഷ്ടം.

അമ്മ കൈകൊണ്ട് തുന്നുന്നത് കണ്ട് തയ്യല്‍ ആരംഭിച്ച സുജാത പിന്നീട് മെഷീനിലേക്ക് മാറി. എല്ലാവിധ വസ്ത്രങ്ങളും മികവാര്‍ന്ന രീതിയില്‍ തുന്നിയെടുക്കുന്ന സുജാതയ്ക്ക് ഈ പുരസ്‌കാര നേട്ടത്തെ പോലെ അഭിമാനം നല്‍കുന്നതാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നാല് വര്‍ഷത്തോളമായി യൂണിഫോം തയ്ക്കാന്‍ കിട്ടിയ അവസരം. സൈനികനായിരുന്ന ഭര്‍ത്താവ് വഴിയാണ് കോഴിക്കോട്ടുകാരിയായ സുജാതയ്ക്ക് അതിനുള്ള അവസരം ലഭിച്ചത്. സുജാതയുടെ മകനും ഇപ്പോള്‍ സൈനികനായി രാജ്യസേവനം നടത്തുന്നു.

ആത്മാര്‍ത്ഥയെ കൈമുതലാക്കിയാണ് കഴിഞ്ഞ 32 വര്‍ഷമായി ഈ മേഖലയില്‍ തുടരുന്നത്. ഇനിയും കഴയാവുന്നത്ര കാലം ഈ തൊഴില്‍ തുടരാനാണ് ആഗ്രഹമെന്നും സുജാത പറയുന്നു.