സംസ്ഥാന സർക്കാരിൻ്റെ വികസനങ്ങൾ ജനങ്ങൾക്ക് അറിയാനുള്ള മികച്ച വേദിയാണ് എൻ്റെ കേരളം മെഗാ പ്രദർശനമെന്ന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ‘എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേള സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പ്രദർശനത്തിന്റെ തിരക്കേറിയ നാലാം ദിനത്തിലെത്തിയ മന്ത്രി പ്രദർശനം നോക്കിക്കണ്ടതിന് ശേഷം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘എന്റെ കേരളം’ പവലിയൻ, ടൂറിസം പവലിയനിൽ പ്രദർശിപ്പിച്ച പുത്തൂർ സൂവോളജിക്കൽ പാർക്കിന്റെ മാതൃക തുടങ്ങിയവയിൽ ഏറെ നേരം ചെലവഴിച്ച് കാര്യങ്ങൾ കൗതുകപൂർവ്വം ചോദിച്ചറിഞ്ഞു. മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാറും മന്ത്രിയോടൊപ്പം സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ സ്വീകരിച്ചു.

തൃശൂരിൽ വളരെ മികച്ച രീതിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ സംസ്ഥാനത്തുണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് ഈ പ്രദർശനത്തിലൂടെ സാധിക്കുമെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തുന്ന എൻ്റെ കേരളം മെഗാ പ്രദർശനം ജനങ്ങൾക്ക് മാനസികോല്ലാസത്തിനുള്ള വേദി കൂടെയാണെന്നും മന്ത്രി പറഞ്ഞു. പുതിയ സംരംഭകരെ കണ്ടെത്തുന്നതിന് മേള അവസരം സൃഷ്ടിക്കും. വിവിധ വകുപ്പുകളുടെ ഏകോപനമായ പ്രവർത്തനവും വിലയിരുത്തലുകളും മനസ്സിലാക്കുന്നതിന് മേള വഴിതെളിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ വികസന തുടർച്ചയുടെ നേർക്കാഴ്ചയാണ് എൻ്റെ കേരളം മെഗാ പ്രദർശനത്തിൽ കാണാൻ കഴിയുന്നതെന്ന് മേള സന്ദർശിച്ചു കൊണ്ട് മുൻ കൃഷി മന്ത്രി വി എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു. ജനങ്ങൾ മേള ഏറ്റെടുത്ത് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.