കുസൃതി കാട്ടും കുട്ടിക്കുറുമ്പുകള്‍ക്ക് ഉല്ലാസം പകരുന്ന ഒരു അങ്കണവാടിയുണ്ട് എന്റെ കേരളം പ്രദര്‍ശന മേളയില്‍.
കുരുന്നുകള്‍ക്ക് കൂട്ടിരിക്കാന്‍ ഒരു ടീച്ചറും ഇവിടെയുണ്ട്. സ്റ്റാള്‍ നമ്പര്‍ 131-ാം അങ്കണവാടിയില്‍ ഗീത ടീച്ചറുടെ ക്ലാസ് കേള്‍ക്കാന്‍ കുഞ്ഞുങ്ങള്‍ മാത്രമല്ല, മുതിര്‍ന്നവരും ഹാജരാണ്. ഓരോ ദിവസവും ഓരോ തീമുകള്‍ക്കനുസരിച്ചാണ് ടീച്ചറുടെ ക്ലാസുകള്‍. തീമുകള്‍ക്കനുസരിച്ചുള്ള സംവിധാനവും ഈ അങ്കണവാടിയിലുണ്ട്. ഉത്സവത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ചെണ്ടയും ആനയും പീലിയും നെറ്റിപ്പട്ടവും തുടങ്ങി ഒരു പൂരത്തിനുള്ള മുഴുവന്‍ കാഴ്ചയും ടീച്ചര്‍ അണിനിരത്തും. പിന്നെ കഥയും പാട്ടും. ഇനി കൃഷിയാണെങ്കിലോ പരമ്പരാഗത കാര്‍ഷികോപരണങ്ങള്‍ മുതല്‍ കാളവണ്ടി വരെ ടീച്ചറുടെ മിനിയേച്ചര്‍ ശേഖരത്തിലുണ്ട്. ആശുപത്രി, പോലീസ്, പരിസര ശുചീകരണം തുടങ്ങിയ തീമുകളുമായി ബന്ധപ്പെട്ട വസ്തുക്കളും ചിത്രങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയ്‌ക്കൊപ്പം അവരുടെ പേശീവികാസം ത്വരിതപ്പെടുത്താനുള്ള കളികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ 64-ാം അങ്കണവാടിയിലെ ടീച്ചറാണ് ഗീതടീച്ചര്‍.