വേലൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഇനി പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ഇലക്ട്രിക് ഓട്ടോ ഗ്രാമസുന്ദരിയും.
2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഫണ്ടില്‍ നിന്നും 2,83,000 രൂപ വിനിയോഗിച്ചാണ് ഹരിതകര്‍മ്മ സേനയ്ക്കായി ഇലക്ട്രിക് ഓട്ടോ വാങ്ങിയത്. ഓട്ടോ ഓടിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനയിലെ 10 പേര്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കും.
പരിശീലനം പൂര്‍ത്തിയാകുന്നത് വരെ ഒരു താല്‍ക്കാലിക ഡ്രൈവറെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോ സ്വന്തമായതോടെ പ്രദേശത്തെ മാലിന്യ ശേഖരണം വേഗത്തിലാക്കാം എന്ന പ്രതീക്ഷയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങള്‍.

പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പാണ് വീടുകളില്‍ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി 34 അംഗങ്ങളടങ്ങുന്ന ഹരിത കര്‍മ്മ സേനയെ രൂപീകരിച്ചത്. ജൈവ മാലിന്യ സംസ്‌കരണത്തിനായി വീടുകളില്‍ 500 ബയോബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇലക്ട്രിക് ഓട്ടോയുടെ താക്കോല്‍ കൈമാറല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്ര്‍മാന്‍ സി എഫ് ജോയ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിദ്യ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ ശുഭ അനില്‍ കുമാര്‍, വിമല നാരായണന്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.