മഴ ശക്തമായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നഗരത്തിലെ 13 വാര്‍ഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നഗരസഭയില്‍ ആറു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിന് തീരുമാനിച്ചു. ഓരോ ക്യാമ്പിലും നഗരസഭ ജീവനക്കാരെ ചുമതലക്കാരായി നിശ്ചയിച്ചു. ആവശ്യമായ ഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 9656487682 എന്ന നമ്പറില്‍ ബന്ധപ്പെടാം.