കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ – തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ 1500 പേരെ സാക്ഷരരാക്കും. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നുമായി 15 വയസിനു മുകളിലുള്ള 85,000 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ നിന്നും 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 1200 സ്ത്രീകളെയും 300 പുരുഷന്മാരെയും സാക്ഷരതാ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും. 900 പട്ടികവര്‍ഗ്ഗക്കാരും 150 പട്ടികജാതിക്കാരും 150 ന്യൂനപക്ഷക്കാരും 300 ജനറല്‍ വിഭാഗക്കാരും ഉള്‍പ്പെടും. മുട്ടില്‍, മൂപ്പൈനാട്, വെങ്ങപ്പള്ളി, കണിയാമ്പറ്റ, പനമരം, തിരുനെല്ലി, വെള്ളമുണ്ട, നെന്മേനി, എന്നീ പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ നഗരസഭകളിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് അടിസ്ഥാന സാക്ഷരതാ ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എം.പി, എം.എല്‍.എമാര്‍, യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍മാര്‍ എന്നിവര്‍ ക്ഷാധികാരികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, വൈസ് പ്രസിഡന്റും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വൈസ് ചെയര്മാന്മാരായും ജില്ലാ കളക്ടര്‍ ചീഫ് കേ-ഓര്‍ഡിനേറ്ററായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എഫ്.ആന്റ് എ കേ-ഓര്‍ഡിനേറ്ററായും സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറും അസി. കോ-ഓര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും പ്രവര്‍ത്തിക്കും. ജനപ്രതിനിധികള്‍, സംസ്ഥാന സാക്ഷരതാമിഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ജില്ലാസാക്ഷരതാസമിതി അംഗങ്ങള്‍, പദ്ധതി പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനശിക്ഷന്‍ സന്സ്ഥാന്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, നെഹ്റു യുവകേന്ദ്ര, സാമൂഹ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ ഭാരവാഹികള്‍, പ്രിന്‍സിപ്പല്‍ (കമ്മ്യൂണിറ്റി പോളിടെക്നിക്), ഗ്രന്ഥശാലാസംഘം പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, പദ്ധതി പ്രദേശത്തെ എന്‍.സി.സി പ്രേരക്മാര്‍ എന്നിവരെല്ലാം അംഗങ്ങളായിരിക്കും.
സംഘാടക സമിതിയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.വി ബാലകൃഷ്ണന്, ഷീല പുഞ്ചവയല്‍, കമല രാമന്, കെ.കെ രേണുക, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍, ഡയറ്റ് സീനിയര്‍ ലെക്ചര്‍ ഡോ. എം.ഒ. സുനില്‍കുമാര്‍, സാക്ഷരത മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി.വി. ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാസാക്ഷരതാ സമിതി അംഗങ്ങള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.