മലയാളക്കര ഒന്നാകെ ഓണം ആഘോഷിക്കുമ്പോള്‍ നന്മയുടെയും കാരുണ്യത്തിന്റെയും ഒത്തുചേരലായി രാജകുമാരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുട്ടികളുടെ ഓണാഘോഷം. കുരുവിളസിറ്റി ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തിലെ അന്തേവാസികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഓണ സദ്യ ഒരുക്കിയായിരുന്നു ഇത്തവണ കുട്ടികളുടെ ഓണാഘോഷം.
സ്കൂള്‍ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും ക്ഷണം സ്വീകരിച്ച് വൃദ്ധരായവരടക്കം ഇരുപത്തിയഞ്ചോളം ആതുരാശ്രമ അന്തേവാസികളും സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനെത്തിയ പശ്ചിമബംഗാള്‍ സ്വദേശികളുമാണ് സ്കൂളിലെത്തി കുട്ടികളോടൊപ്പം ആഘോഷത്തില്‍ പങ്കാളികളായത്. വിവിധ മത്സരങ്ങള്‍ കാണുകയും തിരുവാതിര ആസ്വദിക്കുകയും ചെയ്തതിനൊപ്പം കുട്ടികള്‍ക്കായി അവര്‍ മനോഹരമായ പാട്ടുകളും പാടി. അതിഥി തൊഴിലാളികളാകട്ടെ സ്കൂള്‍ മുറ്റത്ത് അത്തപൂക്കളം ഒരുക്കിയും ആഘോഷത്തില്‍ പങ്കാളികളായി. വിവിധ വര്‍ണ്ണത്തിലുള്ള പൂക്കള്‍ കൊണ്ടാണ് അവര്‍ സ്കൂള്‍ മുറ്റത്ത് പൂക്കളം ഒരുക്കിയത്. മൈനുള്‍ മിയ, അഫ്സര്‍ മിയ, മൊഫിജുള്‍ മിയ, റഷിദുള്‍ മിയ, ഹപ്പിജൂള് ആലം, ഖുറിഷിദ് ആലം, ജഹിദുള്‍ മിയ എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായ അത്തപൂക്കളം ഒരുക്കി അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഞെട്ടിച്ചത്. കഴിഞ്ഞ ഏഴ് വര്ഷക്കലമായി കേരളത്തില്‍ ജോലി ചെയ്തു വരുന്നവരാണ് ഇവര്‍.
പ്രളയവും കോവിഡും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണാഘോഷങ്ങള്‍ക്ക് മുടക്കം വരുത്തിയെയെങ്കിലും വീണ്ടും ആഘോഷങ്ങള്‍ തിരികെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഏവരും.