ജില്ലയിലെ റോഡുകളുടെ നിലവിലുള്ള നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പണി നടക്കുന്ന റോഡുകളുടെ നിലവിലെ പുരോഗതിയും കളക്ടർ അവലോകനം ചെയ്തു. തകർന്നു കിടക്കുന്ന തീരദേശ റോഡുകളുടെ എല്ലാ പ്രവൃത്തികളും ഒക്ടോബറിൽ പൂർത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കാനും കളക്ടർ നിർദേശിച്ചു.
ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നും കളക്ടർ ആവശ്യപെട്ടു. കരിച്ചാൽ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ് നിർമാണ പ്രവൃത്തികൾ ഫെബ്രുവരി – മെയ് മാസത്തിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ തയ്യാറാക്കി വരികയാണ്. നിർമാണവുമായി ബന്ധപെട്ട് എംഎൽഎ മാരുടെ യോഗം വിളിക്കുമെന്നും മൈനർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.
അമൃത് പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ച ഇടങ്ങളിലെ കുഴി അടച്ചുകഴിഞ്ഞു. ഈ മാസം 30 ന് മുൻപായി ഇൻ്റർ ലോക്ക് പ്രവൃത്തികൾ ത്വരിത ഗതിയിൽ പൂർത്തിയാക്കും. ഒക്ടോബർ 31 നകം ടാറിംഗ് ജോലികൾ പൂർത്തീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ യോഗത്തെ അറിയിച്ചു.
പുതുക്കാട് മണ്ണംപേട്ട റോഡ് നവീകരണ പ്രവൃത്തി നിലവിലുള്ള കരാറുകാരനെ വച്ച് പൂർത്തികരിക്കുമെന്ന് പിഡബ്ലുഡി റോഡ്സ് എക്സിക്യൂട്ടിവ് എഞ്ചിനീയർ യോഗത്തിൽ വ്യക്തമാക്കി.
എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ, അസിസ്റ്റൻ്റ് കളക്ടർ വി എം ജയകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.