സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സെൻ്റ് തോമസ് കോളേജ് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ടൂറിസം ദിനാഘോഷ പരിപാടി മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്തു.
ഒരുകാലത്ത് തൃശ്ശൂരിൻ്റെ വ്യാപാര – വാണിജ്യ കേന്ദ്രമായിരുന്ന വഞ്ചികുളത്തെ ടൂറിസം സാധ്യതകൾ പ്രയോജനപെടുത്താനുള്ള ശ്രമത്തിലാണ് കോർപറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമെന്ന് മേയർ പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യതസ്ത സാധ്യതകളുള്ള നാടാണ് കേരളം. സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രത കൂടുതൽ ദൃഡമാക്കാൻ ടൂറിസം മേഖലയിലൂടെ സാധിക്കണമെന്നും മേയർ അഭിപ്രായപ്പെട്ടു.
ലോക ടൂറിസം ദിനത്തിൻ്റെ ഇത്തവണത്തെ തീം ആയ “റീതിങ്കിങ് ടൂറിസം “എന്ന വിഷയത്തിൽ നടന്ന സെമിനാറിന് എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് അസിസ്റ്റൻ്റ് പ്രൊഫ. ഡോ.സിന്ധു ആർ ബാബു നേതൃത്വം നൽകി.
സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റെവ. ഡോ. കെ എ മാർട്ടിൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ്മാസ്റ്റർ, ചെമ്പൂക്കാവ് ഡിവിഷൻ കൗൺസിലർ റെജി റോയ്, അസിസ്റ്റൻ്റ് കലക്ടർ വി എം ജയകൃഷ്ണൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ വിലങ്ങൻകുന്ന് , സ്നേഹതീരം ബീച്ച്, കലശമല, തുമ്പൂർമുഴി, പൂമല ഡാം, വാഴാനി എന്നിവിടങ്ങളിൽ ക്ലീനിംഗ് ഡ്രൈവും നടന്നു. ദിനാചരണത്തിൻ്റെ ഭാഗമായി വിലങ്ങൻകുന്നിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
കലശമലയിൽ നടന്ന ശുചീകരണ പ്രവർത്തങ്ങളുടെയും ചിത്രപ്രദർശനത്തിൻ്റെയും ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ മരത്തൈ നട്ട് നിർവഹിച്ചു. വെള്ളിത്തിരുത്തി ബ്ലൂമിങ്ങ് ബഡ്സ് ബഥനി സ്കൂളിലെ സോഷ്യൽ ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ചിത്രകലാ അധ്യാപകൻ ഗോപീകൃഷ്ണന്റെ നേതൃത്വത്തിലാണ് ചിത്രപ്രദർശനം നടത്തിയത്. വർണ്ണാഭമാമാങ്കം എന്ന പേരിൽ ഇരുപതോളം കുട്ടികൾ ചിത്രപ്രദർശനത്തിലും ചിത്രരചനയിലും പങ്കെടുത്തു.
പൂമല ഡാമിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ദേവസി (കെ ജെ ബൈജു) ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചാവക്കാട് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു.
തുമ്പൂർമുഴിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു.