കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി കമ്പ്യൂട്ടർവത്ക്കരിച്ചു
അക്ഷരങ്ങളും വായനയുമാണ് പുതുതലമുറ ലഹരിയാക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വായനയുടെ സമുന്നതമായ പൈതൃകത്തെ പുതുതലമുറയിലേയ്ക്ക് നൽകേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായി കമ്പ്യൂട്ടർവത്ക്കരിച്ച കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരിയിൽ നിന്ന് പുതുതലമുറയെ സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന കൂട്ടായ പ്രയത്നത്തിൽ സംസ്ഥാനത്തെ ലൈബ്രറികളും പങ്കുചേരേണ്ടതുണ്ട്. പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റാൻ ഗ്രന്ഥശാലകൾ വിവിധ പരിപാടികൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. വിരൽത്തുമ്പിൽ വിവരങ്ങൾ സാധ്യമാകുന്ന കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ ഗുണം വായനശാലകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിൽ വായനയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നതിന് ലൈബ്രറി സജ്ജമാക്കിയ നഗരസഭ അധികൃതരെ മന്ത്രി അഭിനന്ദിച്ചു.
ലൈബ്രറി അംഗത്വത്തിൽ 28 വർഷം പൂർത്തിയാക്കിയ ടി കെ ഹംസയെയും ലൈബ്രറി കെട്ടിടം നവീകരിച്ച ആർട്ട് കോ പ്രതിനിധി രാഹുലിനെയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഡിജിറ്റലൈസ് ചെയ്ത് നവീകരിച്ച ഗ്രന്ഥശാലയിൽ പതിനാലായിരത്തോളം പുസ്തകങ്ങളും 600ൽ പരം വായനക്കാരും ഉണ്ട്. പുസ്തകങ്ങൾ മുഴുവൻ കമ്പ്യൂട്ടർവത്ക്കരിച്ച് ലൈബ്രറിയിൽ അംഗത്വം ഉള്ളവർക്കെല്ലാം ബാർകോഡ് സംവിധാനം ഒരുക്കുകയാണ് ചെയ്തിട്ടുള്ളത്.
പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഡിജിറ്റൽ വായന ഒരുക്കുകയാണ് കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി. എല്ലാ പുസ്തകങ്ങളും കമ്പ്യൂട്ടർവത്ക്കരിച്ചാണ് വായനാ ലോകത്ത് മുൻസിപ്പൽ ലൈബ്രറി വിപ്ലവം തീർക്കുന്നത്.
1912ൽ കൊടുങ്ങല്ലൂർ തെക്കേനട പഴയ നഗരസഭ കെട്ടിടത്തിൽ ആരംഭിച്ച മുൻസിപ്പൽ ലൈബ്രറി കാവിൽ കടവിലുള്ള പുതിയ നഗരസഭ കെട്ടിടത്തിലേയ്ക്ക് മാറ്റിയാണ് നവീകരിച്ചിട്ടുള്ളത്. പ്രവൃത്തിക്കായി 20 ലക്ഷം രൂപയാണ് നഗരസഭ വിനിയോഗിച്ചത്.
കാവിൽകടവ് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, വൈസ് ചെയർപേഴ്സൺ കെ ആർ ജൈത്രൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാർ, ലൈബ്രറി കൗൺസിലർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.