നാദാപുരത്ത് പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഓൺലൈനായി കോടതി ഉദ്ഘാടനം ചെയ്തു.

പോക്സോ നിയമപ്രകാരമുള്ള കേസുകളുമാണ് ഇവിടെ വിചാരണ ചെയ്യുക. വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കോടതി വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ കോഴിക്കോടും കൊയിലാണ്ടിയിലുമാണ് പോക്സോ കോടതിയുള്ളത്. മലയോരമേഖലയിലും മറ്റുമുള്ളവർ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്. പുതിയ കോടതി വന്നതോടെ ഇതിനും കൂടി പരിഹാരമാവുകയാണ്.

ഹൈക്കോടതി ജഡ്ജ് സി.ജയചന്ദ്രൻ, കെ.മുരളീധരൻ എം.പി, ഇ.കെ.വിജയൻ എം.എൽ.എ, ജില്ലാ ജഡ്ജ് എസ് കൃഷ്ണകുമാർ, മജിസ്ട്രേറ്റ് പി.എം.അബ്ദുൾ ജലീൽ, മുൻസീഫ് ടി. എൻ.സൗമ്യ, ബാർ അസോസിയേഷൻ പ്രസിഡന്റ് സി.പ്രസാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.