കോഴിക്കോട് കോർപ്പറേഷന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തൊഴിൽ സൃഷ്ടി ലക്ഷ്യത്തിനായി ചേർന്ന തൊഴിൽ സഭകളുടെ കോർപ്പറേഷൻ തല ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന തൊഴിൽ സഭകൾ കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പുത്തൻ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. അഭ്യസ്ത വിദ്യരായ യുവതി, യുവാക്കളെ തൊഴിലിലേക്ക് എത്തിക്കുന്ന ഈ പുത്തൻ മാതൃക ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്നത് കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ് ചടങ്ങിന് ആശംസകൾ നേർന്നു. കൗൺസിലർമാരായ സ്മിത വള്ളിശ്ശേരി, ഇ.എം സോമൻ, കെ മോഹനൻ, സുരേഷ് കുമാർ ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.യു ബിനി പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ സ്വാഗതവും കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസർ ടി.കെ പ്രകാശൻ നന്ദിയും പറഞ്ഞു. കോർപ്പറേഷനിലെ 18, 19, 20, 22 വാർഡുകളുടെ തൊഴിൽ സഭകൾ പൂർത്തിയായി. ബാക്കി വാർഡുകളുടെ തൊഴിൽ സഭകൾ 28, 29 തീയതികളിലായി വിവിധ സ്ഥലങ്ങളിൽ നടക്കും.
രാജ്യത്തിന് അകത്തും പുറത്തും ഉള്ള അവസരങ്ങളിലേക്ക് തൊഴിൽ അന്വേഷകരെ നയിക്കുന്നതിനുള്ള സംവിധാനമാണ് തൊഴിൽ സഭകൾ ലക്ഷ്യമിടുന്നത്. പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും കണ്ടെത്തി നൈപുണ്യ വികസനത്തിലൂടെ അനുയോജ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതും തൊഴിൽ സഭയുടെ പ്രധാന ലക്ഷ്യമാണ്. തൊഴിൽ തേടുന്നവർ, സ്വയം തൊഴിൽ സംരംഭകർ, തൊഴിൽദായക സംരംഭകർ, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വ മികവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ എന്നിവരുടെ ഒരു കൂടിച്ചേരലാണ് ഓരോ തൊഴിൽ സഭകളിലും നടക്കുന്നത്. ഇത്തരത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ മൂന്നു മുതൽ നാല് വരെ വാർഡുകൾ ചേർത്ത 25 തൊഴിൽ സഭകൾ സംഘടിപ്പിക്കുവാനാണ് കോർപ്പറേഷൻ തീരുമാനം.
അടുത്ത അഞ്ച് വർഷം കൊണ്ട് ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കെഡിസ്ക് കുടുംബശ്രീയുമായി ചേർന്ന് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ സർവ്വേ സംഘടിപ്പിച്ചിരുന്നു. ഇതിൽ രജിസ്റ്റർ ചെയ്ത അഭ്യസ്ത വിദ്യരായ 46,000 പേരും തൊഴിൽ സഭകളിൽ പങ്കെടുക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. ഇതോടൊപ്പം നഗരസഭ ആവിഷ്ക്കരിച്ച വിലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസം വരെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 1630 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ 4279 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.