അതിരാണിപ്പാടത്ത് മൈലാഞ്ചി ചുവപ്പിൻ്റെ മൊഞ്ചിൽ കൈമുട്ടി പാടിയ മണവാട്ടിമാരെ കാണാൻ മന്ത്രിമാരുമെത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് ഒപ്പന മത്സരം നടക്കുന്ന വേദിയിലെത്തിയത്. വൈകിട്ടോടെ പ്രധാന വേദിയായ വിക്രം മൈതാനിയിലെത്തിയ മന്ത്രിമാർ സദസ്സിലിരുന്ന് ഒപ്പന ആസ്വദിച്ച ശേഷം കലോത്സവ നഗരിയുടെ ഉത്സവാന്തരീക്ഷം നേരിൽ കാണാനായി ഇറങ്ങി.
തിരക്കിനിടയിൽ എല്ലാവർക്കും സെൽഫിക്കായി നിന്നുകൊടുത്തും ഫോട്ടോക്ക് പോസ് ചെയ്തും മന്ത്രിമാർ ജനസാഗരത്തിനൊപ്പം ചേർന്നു. കലോത്സവ നഗരിയിലെ വിവിധ സ്റ്റാളുകളും സേവന സംവിധാനങ്ങളും നേരിൽക്കണ്ട് മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിമാർ മടങ്ങിയത്.