സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ ആരംഭിച്ച മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞം പരിപാടിയുടെ സമാപനം ജനുവരി 26 ന് രാവിലെ 10 ന് പാലക്കാട് കോട്ടമൈതാനത്ത് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ‘ലഹരിയില്ലാ തെരുവ്’ എന്ന ആശയത്തില്‍ ജില്ലയിലെ വിവിധ സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മണ്മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ്, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് എന്നിവര്‍ പങ്കെടുക്കും. ലഹരിവിരുദ്ധ തീവ്രയജ്ഞം സമാപനവുമായി ബന്ധപ്പെട്ട് എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ നടന്ന ജില്ലാതല വിമുക്തി യോഗത്തില്‍ ജില്ലാ വിമുക്തി മാനേജര്‍ ഡി. മധു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
