നേര്യമംഗലം ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തു
കോതമംഗലം, ഭൂതത്താൻകെട്ട്, തട്ടേക്കാട്, നേര്യമംഗലം ഭാഗങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ തലത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നേര്യമംഗലം ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ റോഡുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ ഇവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം വിപുലമാകും. ബോട്ട് ജെട്ടിയുടെ വരവോടെ മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഭൂതത്താൻകെട്ട് ഇറങ്ങി തേക്കടിയിലേതിന് സമാനമായി കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങളിലൂടെ ബോട്ടിൽ സഞ്ചരിച്ച് നേര്യമംഗലത്തെത്തി വാഹനത്തിൽ കയറി പോകാൻ കഴിയും. ഇതുവഴി നേര്യമംഗലം പ്രദേശത്ത് വികസനത്തിന് വഴിയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും ശക്തിപ്പെടുന്ന വ്യവസായ മേഖലയാണ് വിനോദസഞ്ചാര മേഖല. കുറച്ചു മൂലധനം കൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടേക്കാട് നിന്ന് ബോട്ട് മാർഗമായിരുന്നു ഉദ്ഘാടന ചടങ്ങിന് മന്ത്രി എത്തിയത്. ആന്റണി ജോൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽകുമാർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പെരിയാർ പുഴയിലൂടെ ഒരു മണിക്കൂറോളം നീണ്ട യാത്രയിൽ തട്ടേക്കാട് പക്ഷി സങ്കേതം, ഇഞ്ചത്തൊട്ടി പാലം എന്നിവിടങ്ങളിലെ നയന മനോഹര കാഴ്ച ആസ്വദിച്ചായിരുന്നു യാത്ര.
നേര്യമംഗലം ബോട്ട് ജെട്ടിയിൽ നടന്ന പരിപാടിയിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ദാനി, റഷീദ സലീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം കണ്ണൻ, പഞ്ചായത്ത് അംഗം സൗമ്യ ശശി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽകുമാർ, പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.വി ബൈജു, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു പി വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്, പി.ടി ബെന്നി, എബി എബ്രഹാം, എൻ.സി ചെറിയാൻ, എ.ടി പൗലോസ്, ബാബു പോൾ, എ.പി എൽദോ, പി.കെ. മൊയ്തു തുടങ്ങിയവർ പങ്കെടുത്തു.
ആന്റണി ജോൺ എം.എൽ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ജെട്ടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. നേര്യമംഗലം പാലത്തിന് സമീപമാണ് മൂന്ന് നിലകളിലുള്ള ലാൻഡിംഗ് ഫ്ളോറോടു കൂടിയ ജെട്ടി നിർമ്മിച്ചത്.