തൃശൂര്‍ പൂരം നടത്തിപ്പിനായി സംസ്ഥാന ടൂറിസം വകുപ്പ് 35 ലക്ഷം രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൂരം നഗരിയിലെ കണ്ട്രോള് റൂമില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൂരത്തിന്റെ നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന് ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് തുക അനുവദിക്കുന്നത്. പൂരം മികച്ചതാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇത്തവണ പൂരത്തിനായി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡിടിപിസിയുടെ നേതൃത്വത്തില്‍ വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കാനും അവര്‍ക്ക് പൂരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുവാനുമായി ഹെല്‍പ്പ് ഡെസ്കും കുടമാറ്റം ഉള്‍പ്പെടെ കാണുന്നതിന് പ്രത്യേക പവലിയന് പാസ്സുകളും ഒരുക്കിയിട്ടുണ്ട്.
തൃശൂരാകെ ഉത്സവ ലഹരിയിലാണ്. കോവിഡിന്റെ ഇടവേളയ്ക്കു ശേഷം നടന്ന കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് റെക്കോര്‍ഡ് ജനങ്ങളാണ് എത്തിയത്. എന്നാല്‍ ആ റെക്കോഡ് മറികടക്കുന്ന രീതിയിലുള്ള ജനപങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനമായും കണ്ടിരിക്കേണ്ട 52 ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ഒന്നായി ഇന്ത്യയില്‍ നിന്ന് കേരളത്തെ മാത്രമാണ് കഴിഞ്ഞവര്‍ഷം ന്യുയോര്‍ക്ക് ടൈംസ് തെരഞ്ഞടുത്തത്.
ജനങ്ങളുടെ ഐക്യവും സാഹോദര്യവുമാണ് സംസ്ഥാനത്തിന്റെ കരുത്ത്. കേരളത്തിന്റെ പ്രകൃതി രമണീയതയ്ക്കും ചരിത്രപ്രധാനമായ ഇടങ്ങള്‍ക്കുമുപരി ഇവിടത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും സാഹോദര്യവും മതസൗഹാര്‍ദ്ദവുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഒരു
കോടി 88 ലക്ഷം പേരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളം കാണാനും ആസ്വദിക്കാനുമായി എത്തിയതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ പൂരത്തിന് കൂടുതല്‍ ജനങ്ങള്‍ ഒത്തുചേരുമെന്നതിനാല്‍ പഴുതടച്ച സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന് അഭിപ്രായപ്പെട്ടു. ആളുകളെ അകറ്റി നിര്‍ത്തുക എന്നതിനു പകരം ജനങ്ങള്‍ക്കെല്ലാം നല്ല രീതിയില്‍ പൂരം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ വി ആര് കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്ശന് എന്നിവരും സന്നിഹിതരായിരുന്നു.