ആദിവാസി മേഖലയിലെ ഊരുകൂട്ടങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് സംസ്ഥാന സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദരിദ്രര്‍ അടക്കമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌ക്കാരമാണ് കേരളത്തിന്റെത്. ആദിവാസി മേഖലയെ മുഖ്യധാരയില്‍ എത്തിക്കാന്‍ പുതു തലമുറ തയ്യാറാകണം.

ആദിവാസികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍ ആധുനിക വിദ്യാഭ്യാസം ആദിവാസി സമൂഹം എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തി. ആദിവാസി സമൂഹങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അവരെ മുന്നോട്ട് കൊണ്ടുവരുന്നതില്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു.

ആദിവാസി മേഖലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം ഉണ്ടാകണം, കലുഷിതമായ കുടുംബാന്തരീക്ഷം, ലഹരി ഉപയോഗം എന്നിവ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്, അനുവദിക്കപ്പെട്ട മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പരമാവധി ആദിവാസി കുട്ടികള്‍ക്ക് പ്രവേശനം നടത്താനുള്ള ശ്രമമുണ്ടാകണം, വിദ്യാലയങ്ങളില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സൗഹൃദ അന്തരീക്ഷം ഒരുക്കണം, വിദ്യ വാഹിനി പോലുള്ള പദ്ധതികളെ പ്രയോജനപ്പെടുത്താനും കഴിയണം വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പട്ടികവര്‍ഗ്ഗ സൗഹൃദമാക്കണം, മെന്റര്‍ അധ്യാപകരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ വികസനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിവിധ പദ്ധതികളുടെ സവിശേഷതകളെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടി ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു.ആദിവാസി സമൂഹത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ആദിവാസികളില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് ആദ്യം ഉണ്ടാക്കേണ്ടതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. വിഷയാവതരണത്തിനു ശേഷം നടന്ന പൊതുചര്‍ച്ചയില്‍ ആദിവാസി മേഖലയിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, റിട്ടയേര്‍ഡ് ജോയിന്റ് ഡയറക്ടര്‍മാരായ ജി.ഋഷികേശന്‍ നായര്‍, ടി ഗോപിനാഥന്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജി.പ്രമോദ്, ഡയറ്റ് അധ്യാപകന്‍ എം.ഒ.സജി, നല്ലൂര്‍നാട് എം.ആര്‍.എസ് പ്രധാനധ്യാപകന്‍ എന്‍ സതീശന്‍, നോഡല്‍ ഓഫീസര്‍ എന്‍. ജെ റെജി തുടങ്ങിയവര്‍ സംസാരിച്ചു. ട്രൈബല്‍ വകുപ്പ് ജീവനക്കാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, മെന്റര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.