കോവിഡ് മഹാമാരി വില്ലനായെത്തിയ കല്ലുവെട്ടാൻകുഴി സ്വദേശി ആൻസിയുടെ ജീവിതത്തിൽ പുതു പ്രതീക്ഷയേകി താലൂക്ക്തല അദാലത്ത്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് രണ്ട് വർഷം മുൻപ് കോറോണ ബാധിതനായി മരപ്പെട്ടത്തോടെ ആൻസിയുടെ കുടുംബത്തിന്റെ താളം അപ്പാടെ തെറ്റി. ആറും നാലും വയസുള്ള രണ്ട് കുഞ്ഞുങ്ങൾക്ക് ഇന്ന് ഏക ആശ്രയം ആൻസി മാത്രമാണ്. തയ്യൽ ജോലി ചെയ്ത് നിത്യവൃത്തി കണ്ടെത്തുന്ന ഈ 27 കാരി മുൻഗണ റേഷൻ കാർഡ് വേണമെന്ന് ആവശ്യവുമായാണ് അദാലത്ത് വേദിയിൽ എത്തിയത്. ആൻസിയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ മന്ത്രി വി. ശിവൻകുട്ടി മുൻഗണന കാർഡ് നൽകുന്നതിന് അനുമതി നൽകി. നിലവിൽ മാതാപിതാക്കളോടൊപ്പമാണ് ആൻസിയും മക്കളും താമസിക്കുന്നത്. റേഷൻ ആനുകൂല്യങ്ങളും, ചികിത്സാ – വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഉറപ്പായ സന്തോഷത്തോടെയാണ് അവർ വേദിയിൽ നിന്നും മടങ്ങിയത്.

വിൽസന് കാർഷിക നഷ്ടപരിഹാരമായി 34,550 രൂപ കിട്ടും

പ്രകൃതിക്ഷോഭത്തിൽ തന്റെ മൂന്നേക്കർ കൃഷി നശിച്ച കർഷകന് ആശ്വാസമായി നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത്. പ്രകൃതിക്ഷോഭധനസഹായമായി 34550 രൂപ വിൽസന് നൽകാൻ അദാലത്തിൽ തീരുമാനമായി. നെയ്യാറ്റിൻകര കൃഷ്ണപുരത്തെ കർഷകനായ വിൽസൻ മൂന്നേക്കർ വരുന്ന കൃഷി 2021ൽ കനത്ത മഴയിലും കാറ്റിലും നശിച്ചിരുന്നു. പ്രകൃതി ദുരന്ത ധനസഹായം ലഭിക്കാൻ കാലതാമസം നേരിട്ടതോടെയാണ് വിൽസൻ അദാലത്തിൽ പരാതിയുമായി എത്തിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ വിൽസന് ഒടുവിൽ ആശ്വാസത്തോടെ മടക്കം.