സേവനം പരമാവധി കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോയിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്(ഇ.ആർ.പി), ഇ-ഓഫീസ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി അഡ്വ. ജി.ആർ. അനിൽ മെയ് 15ന് (തിങ്കൾ) രാവിലെ 9.30ന് സപ്ലൈകോയുടെ കടവന്ത്ര കേന്ദ്ര കാര്യാലയത്തിൽ നിർവഹിക്കും.
സപ്ലൈകോയുടെ 1630ലധികം വിൽപ്പനശാലകൾ, 56 ഡിപ്പോകൾ, അഞ്ചു മേഖലാ ഓഫീസുകൾ എന്നിവയെ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തിൽ കംപ്യൂട്ടർ നെറ്റ്വർക്കിലൂടെ ബന്ധിപ്പിച്ചാണ് ഇ.ആർ പി സംവിധാനം നടപ്പാക്കുന്നത്.
കൃത്യമായ ഏകോപനവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുന്ന ഇ.ആർ.പി, വിതരണ ശൃംഖലയുടെ ഏകോപനം സുഗമമാക്കുന്നതിനും അതുവഴി ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഉപകരിക്കും. സ്റ്റോക്ക്, വില്പന, വരുമാനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ വിൽപ്പനശാലകളിലെ കമ്പ്യൂട്ടറുകളിൽ തന്നെയാണ് നിലവിൽ സൂക്ഷിക്കുന്നത്. ഈ വിവരങ്ങൾ തത്സമയം ലഭ്യമല്ലാത്തത് അവശ്യ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്തുന്നതിന് തടസമാകുന്നുണ്ട്. ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. വിവിധ ആവശ്യങ്ങൾക്കായി മുപ്പതോളം സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്ന നിലവിലെ സ്ഥിതിക്കും ഇതോടെ മാറ്റമാകും. കേന്ദ്ര കാര്യാലയത്തിലെ ഫയൽ നീക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റി ഇ-ഓഫീസ് ഏർപ്പെടുത്തുന്നതിലൂടെ പ്രവർത്തനത്തിൽ സമ്പൂർണ സുതാര്യത ഉറപ്പാക്കാൻ കഴിയും.
ഉദ്ഘാടന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ വിശിഷ്ടാതിഥികളാവും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ മുഖ്യപ്രഭാഷണം നടത്തും. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ സംസാരിക്കും.
നഗരസഭ കൗൺസിലർ ബിന്ദു ശിവൻ, രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളായ കെ എം ദിനകരൻ, മുഹമ്മദ് ഷിയാസ്, മണി സി, ബാബു ജോസഫ്, കെ.എ. അബ്ദുൾ മജീദ്, കെ.എസ്. ഷൈജു, പി. രാജു, എൻ.എ. മണി, ആർ. വിജയകുമാർ, ടി. നസറുദ്ദീൻ, അനിൽകുമാർ എസ്, സതീഷ് കുമാർ ആർ വി, ഷിജു കെ. തങ്കച്ചൻ, ജില്ലാ സപ്ലൈ ഓഫീസർ ബി ജയശ്രീ, സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർമാരായ പി.ടി സൂരജ്, ആർ.എൻ. സതീഷ്, ഷീബ ജോർജ്, സപ്ലൈകോ ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.