വായന പക്ഷാചരണം ജില്ലാ തല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം എൽ എ നിർവഹിച്ചു.ഇന്ന് വായനയുടെ ഭാവം മാറിയിട്ടുണ്ടെങ്കിലും വായന ഒരിക്കലും മരിക്കുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു.സമൂഹത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ മാർഗമാണ് വായന. വായനയുടെ ലഹരിയിലേക്ക് എല്ലാവരും കടന്നു വരണം എന്നും എം എൽ എ പറഞ്ഞു. ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ വി എം ജയകൃഷ്ണൻ മുഖ്യാതിഥിയായി, അദ്ദേഹത്തിന്റെ വായന അനുഭവം പങ്കുവെച്ചു.
പി എൻ പണിക്കരുടെ സ്മരണദിനമായ ജൂൺ 19 മുതൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പൊതു വിദ്യാഭ്യാസം, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായന പക്ഷാചരണം നടപ്പിലാക്കുന്നത്. ആഭിമുഖ്യത്തിലാണ് വായനാപക്ഷമായി ആചരിക്കുന്നത്.
സംസ്ഥാനത്തെങ്ങും വായനയുടെ മഹാവസന്തം തീർക്കുക എന്നതാണ് പക്ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. അംഗം പി തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് രാജൻ നെല്ലായി ചടങ്ങിൽ ആമുഖം നൽകി. ഇരിങ്ങാലക്കുട ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. വായന പക്ഷാചരണം തീം സോങ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽ കരീം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് എസ് ഷാജിയ്ക്ക് സമർപ്പിച്ചു. നോവൽ സാംസ്കാരിക പ്രവർത്തകൻ ഇ ഡി ഡേവിസ് കഥാകൃത്ത് ഖാദർ പട്ടേപ്പാടത്തിന് നൽകി പ്രകാശനം ചെയ്തു. ടി കെ ഗംഗാധരൻ എഴുതിയ നിഴൽ നൃത്തം എന്ന നോവലാണ് പ്രകാശനം ചെയ്തത്.
കവിയും ഗാനരചയിതാവുമായ ബക്കർ മേത്തല വായനാദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർഥികളുടെ കവിതാലാപനം ഉണ്ടായി. വിദ്യാലയത്തിലെ എസ്എസ്എൽസി വിദ്യാർത്ഥിയായ എൻ ആർ അഭിഷേകിന് എംഎൽഎ പുസ്തകം നൽകി .
ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജനറൽ കൺവീനർ വി കെ ഹാരിഫാബി , പി എൻ പണിക്കർ ഫൗണ്ടേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ ജി ബാബുരാജ്, ഇരിങ്ങാലക്കുട ബോയ്സ് എച്ച്എസ്എസ് പ്രിൻസിപ്പാൾ എംകെ മുരളി , ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ടികെ ലത തുടങ്ങിയവർ പങ്കെടുത്തു.