വിദ്യാഭ്യാസത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൈതപ്പൊയിൽ ജി എം യു പി സ്കൂൾ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള മോഡലിന്റെ വിജയം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് പ്രചോദനം നൽകുകയും അന്താരാഷ്ട്ര അംഗീകാരത്തിന് കാരണമാകുകയും ചെയ്തു. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്നതിനും സാക്ഷരതയിലെ ലിംഗ വ്യത്യാസം കുറയ്ക്കുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സംഘടനകൾ അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
എക്സിക്യുട്ടീവ് എഞ്ചിനീയർ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി
1 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ 3 ക്ലാസ്സ് മുറികളും പുതുപ്പാടി ഗ്രാമപഞ്ചായത്ത് സജ്ജീകരിച്ച സയൻസ് ലാബ് ലൈബ്രറി ആൻഡ് റീഡിങ് ഹാളുമാണ് ഉൾപ്പെടുന്നത്.