മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും

നടത്തറ – പുത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 29 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 29ന് വൈകീട്ട് നാലിന് വലക്കാവ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ റവന്യു മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷത വഹിക്കും.

നടത്തറ – പുത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് വലക്കാവ് – തോണിപ്പാറ – നാലുകെട്ട്. അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. റോഡിന്റെ 790 മീറ്റര്‍ ഭാഗം നടത്തറ പഞ്ചായത്തിലും ബാക്കി വരുന്ന ഭാഗം പുത്തൂര്‍ ഗ്രാമപഞ്ചായത്തിലുമാണ്. ആധുനിക രീതിയില്‍ ബി.എം.ബി.സി നിലവാരത്തില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ ടാറിങ്ങും ഇരു വശത്തും കാനയും, കള്‍വര്‍ട്ടുകള്‍ ഉള്‍പ്പടെയാണ് നിര്‍മ്മാണം നടത്തുക.

ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തറ ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ചെയര്‍പേഴ്‌സണായ സംഘാടകസമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍ രജിത്ത്, പഞ്ചായത്തംഗങ്ങളായ പി.എസ് സജിത്ത്, ഇ.എന്‍ സീതാലക്ഷ്മി, പി.കെ അഭിലാഷ്, ജിയ ഗിഫ്റ്റിന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.