ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടുക്കി ജില്ല മാലിന്യ പരിപാലനത്തില്‍ മാതൃക സൃഷ്ടിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പരിസരമലിനീകരണം നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കണം . കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ പരിസ്ഥിതി സമിതി യോഗം ജില്ലയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിച്ചു.
സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. ഇ കെ വിജയന്‍ എം എല്‍ എ ചെയര്‍മാനായ സമിതിയില്‍ എം.എല്‍.എമാരായ എല്‍ദോസ് പി കുന്നപ്പിള്ളില്‍, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ്, സജീവ് ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു. യോഗത്തില്‍ എം എം മണി എം എല്‍ എ , ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍. എ ഡി എം ഷൈജു പി ജേക്കബ് , ജില്ലാ തല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ഥാപനങ്ങളില്‍ നിന്നും നദികളിലേക്കും പുഴകളിലേക്കും മലിന ജലം ഒഴുക്കിവിടുന്നതും വിനോദ സഞ്ചാരികള്‍ പ്ലാസ്റ്റിക് അടക്കമുള്ളവ വലിച്ചെറിയുന്നതും തടയാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കണം. ഇതിന് ടൂറിസം , തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഫലപ്രദമായി ഉപയോഗിക്കണം . അറവ് മാലിന്യ സംസ്‌കരണത്തിലും പ്രായോഗികമായ ഇടപെടല്‍ നടത്തണം . ജില്ലയുടെ പ്രത്യേകത കണക്കിലെടുത്താണ് സമിതി സന്ദര്‍ശനം നടത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങളാകണം ജില്ലയില്‍ നടത്തേണ്ടത്. തനത് പ്രകൃതിസൗന്ദര്യം അതേപടി കാത്ത്‌സൂക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണം . ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കേണ്ടതും മാലിന്യസംസ്‌കരണം ശരിയായരീതിയില്‍ പാലിക്കപ്പെടേണ്ടതുമാണ് .
ജില്ലയിലുടനീളം ടേക്ക് എ ബ്രേക്ക് മാതൃകയില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനം , കെ എസ് ഇ ബി എന്നിവരുമായി കൂടിയാലോചിച്ച് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സമിതി നിര്‍ദേശം നല്‍കി . കൃഷിക്കാര്‍ക്ക് കീടനാശിനികളെക്കുറിച്ചുള്ള ശരിയായ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. തേയിലകൃഷിയിലടക്കം ഉപയോഗിക്കുന്ന കീടനാശിനികള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ , മണ്ണിടിച്ചില്‍ തുടങ്ങിയവ പരമാവധി മുന്‍കൂട്ടി മനസിലാക്കി ജനങ്ങളെ സുരക്ഷിതരാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. വനം വകുപ്പും പൊലീസും പരമാവധി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ ഉപേക്ഷിച്ച് കടക്കുന്നവരെ കണ്ടെത്തണം. നിയമങ്ങള്‍ ഇല്ലാത്തതല്ല , മറിച്ച് അവ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു.
നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
പരിസ്ഥിതി സമിതി സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (ഒക്‌ടോബര്‍ 5 ) രാവിലെ 10 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം . ഗ്യാപ് റോഡിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലിനെതിരെയുള്ള പരാതിയിന്മേല്‍ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് ഗ്യാപ്പ് റോഡ്, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നേരിട്ടു കണ്ട് മനസ്സിലാക്കും.