പൊതുവിദ്യാലയങ്ങള്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്ന് മേഖല അവലോകന യോഗം വിലയിരുത്തി. 55442 കുട്ടികള്‍ ഇവിടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നു. അഞ്ചുകോടി കിഫ്ബി പദ്ധതിയില്‍ അനുവദിച്ച മൂന്ന് വിദ്യാലയങ്ങളും പൂര്‍ത്തിയായി. മൂന്നുകോടി കിഫ്ബി പദ്ധതിയില്‍ 13 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. ഇവയില്‍ ഏഴെണ്ണം പൂര്‍ത്തിയായി. രണ്ടെണ്ണം നിര്‍മ്മാണ പുരോഗതിയിലാണ്. ഒരു കോടി കിഫ്ബി പദ്ധതിയില്‍ 30 വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തു. ഇവയില്‍ ഒമ്പത് എണ്ണം പൂര്‍ത്തിയായതായും ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു.
സമഗ്രഗുണമേന്മ പദ്ധതിയില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രാഥമിക ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു. ഇവയുടെ പ്രവര്‍ത്തന പുരോഗതി വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ വിലയിരുത്തി. ശിശുസൗഹൃദ ഗണിത ശാസ്ത്ര പഠനം മഞ്ചാടി പദ്ധതിയില്‍ വയനാട്ടില്‍ നാല് വിദ്യാലയങ്ങളാണ് ഉള്‍പ്പെട്ടത്. വയനാടി്ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നും കൂടുതല്‍ കുട്ടികളെ പരിഗണിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.