യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കുകയാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തലക്കുളത്തൂർ കച്ചേരിയിൽ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസിനും പഞ്ചായത്ത് ഓഫീസിനും മധ്യത്തിൽ നിർമ്മിച്ച വിശ്രമകേന്ദ്രം നിരവധി പേർക്ക് സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു.
24.50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് എഞ്ചിനീയർ അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ.പി. ഗീത, ടി.എം. രാമചന്ദ്രൻ, ശുചിത്വമിഷൻ അസി. കോർഡിനേറ്റർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ജി. പ്രജിത സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.