സർക്കാർ ഓഫീസുകളിൽ ഹരിതചട്ടം കർശനമാക്കുന്നു. നവംബർ 30നകം ഓഫീസുകളിൽ ശുചിത്വ സംസ്കരണ സംവിധാനം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ‘മാലിന്യമുക്തം നവകേരളം’ ക്യാംപയ്ന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ വകുപ്പ് മേധാവികളുടെയും ഉപജില്ലാ ഓഫീസ് മേധാവികളുടെയും യോഗം ചേർന്നു.
ഓഫീസുകളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് മേധാവികൾ ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശിച്ചു. ജൈവമാലിന്യം സംസകരിക്കുന്നതിനും അജൈവ മാലിന്യം വേർതിരിച്ച് ഹരിതകർമസേനക്ക് നൽകണം. ഇക്ട്രോണിക് മാലിന്യങ്ങൾ, ഫർണിച്ചർ മാലിന്യങ്ങൾ എന്നിവ ക്ലീൻ കേരള കമ്പനിക്ക് നൽകണം. ഓഫീസുകളിൽ സാധ്യമാകുന്ന രീതിയിൽ സൗന്ദര്യവത്കരണം നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ബാനറുകൾ, നോട്ടീസുകൾ, കൊടി എന്നിവ പ്രത്യേക സ്ഥലത്ത് മാത്രമേ സ്ഥാപിക്കാവൂ. അനാവശ്യ പ്രിന്റിങ് ഒഴിവാക്കാനും ഓഫീസുകൾ പരമാവധി വൃത്തിയായി സൂക്ഷിക്കാനും യോഗത്തിൽ തീരുമാനിച്ചു.
സബ് ജഡ്ജ് ഷാബിർ ഇബ്രാഹിം സന്ദേശം നൽകിയ യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പ്രീതി മേനോൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, എഡിഎം കെ ലത, അസി. ഡയറക്ടർ കെ സദാന്ദൻ, നോഡൽ ഓഫീസർ പിബി ഷാജു എന്നിവർ സംസാരിച്ചു.