ക്രിസ്തുമസ് ന്യൂ ഇയര്‍ ഉത്സവകാല പരിശേധനകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തണം. പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. സ്ഥിരം കുറ്റവാളികളെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് വകുപ്പിനെ ചുമതലപ്പെടുത്തി. ഹൗസ് ബോട്ടുകള്‍ ഹോം സ്റ്റേകള്‍ ഡി ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തണം.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നിരോധിത ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിനായി വന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ചെക്ക്പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തണം. ഉത്സവക്കാലത്തെ വിലവര്‍ധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ സ്ക്വാഡുകള്‍ കൃത്യമായ പരിശോധനകള്‍ നടത്തണം. അറവ് ശാലകളില്‍ വൃത്തിഹീനമായ സാഹചര്യം അല്ലായെന്നും അനധികൃത കശാപ്പ് നടക്കുന്നില്ലെന്നും ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റികളും കോര്‍പറേഷനും ഉറപ്പ് വരുത്തണം.
സ്ഥിര പരിശോധനകള്‍ക്ക് പുറമെ ബസ്റ്റാന്റ് റെയില്‍വേ സ്റ്റേഷന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവ കേന്ദ്രികരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തണം. സ്കൂള്‍ കോളേജ് വിദ്യര്‍ഥികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍, വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തണം. ക്രമസമാധാന-ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെയുള്ള ഉത്സവകാലം ഒരുക്കാന്‍ എല്ലാ വകുപ്പുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.