പ്രഥമ മുന്‍ഗണന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്
2024-25 വാര്‍ഷിക പദ്ധതിയില്‍ പ്രഥമ മുന്‍ഗണന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് നല്‍കണമെന്ന് ആസൂത്രണ സമിതി യോഗം. അതിദാരിദ്രനിര്മാര്ജനത്തിന് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുകയും അതിജീവന ആവശ്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യപരിരക്ഷ, വികസന ആവശ്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അതിദാരിദ്ര്യം പരിഹരിക്കുന്നതിനായി മൈക്രോ പ്ലാനുകളെ അടിസ്ഥാനമാക്കി പ്രൊജക്റ്റുകള്‍ക്ക് രൂപം നല്‍കും. ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോ പ്ലാനുകള്‍ക്ക് വിഹിതം നല്‍കുന്നതിന് ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകള്‍ക്ക് പദ്ധതികള്‍ ഏറ്റെടുക്കാനും സാധിക്കും.
2154 പേരാണ് ജില്ലയില്‍ അതി ദരിദ്രരായി ഉള്ളത്. 252 വീട് അറ്റകുറ്റപ്പണികള്‍, 295 വീടും സ്ഥലവും ലഭ്യമാക്കല്‍, 180 സ്ഥലമുള്ളവര്‍ക്ക് വീട് ലഭ്യമാക്കല്‍, 20 വീട് വൈദ്യുതീകരണം, 56 കുടിവെള്ളം ലഭ്യമാക്കല്‍, 32 ശുചിമുറി, 43 സ്ഥിരമായ ഷെല്‍ട്ടറിലേക്ക് മാറ്റല്‍, 08 താല്ക്കാലികമായ ഷെല്‍ട്ടറിലേക്ക് മാറ്റല്‍ എന്നിവയാണ് 2024-25ല്‍ ലക്ഷ്യം വെക്കുന്നത്. കൂടാതെ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. കൃഷി വികസനത്തില്‍ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. മില്ലറ്റ് കൃഷി വ്യാപകമായിട്ടുള്ള പശ്ചാത്തലത്തില്‍ പ്രോസസിങ്ങിനുള്ള യന്ത്രവത്കൃത സംവിധാനങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തിലോ കൃഷി വ്യാപകമായിട്ടുള്ള പഞ്ചായത്തിലെ സ്ഥാപിക്കണം. ആരോഗ്യ സുരക്ഷയില്‍ സി.എച്ച്.എസികളില്‍ ഓട്ടോമേറ്റഡ് ലാബ് സൗകര്യം ഒരുക്കും. ബഡ്സ് സ്കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അങ്കണ്‍വാടികളുടെ നവീകരണം നടപ്പാക്കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 53 അങ്കണ്‍വാടികള്‍ക്ക് സ്ഥലവും കെട്ടിടവും ഒരുക്കുക തുടങ്ങിയവയും 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കും.
ജില്ലയില്‍ രണ്ടിടങ്ങളില്‍ ഇൻസിനറേറ്റർ സ്ഥാപിക്കും
ജില്ലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഇൻസിനറേറ്റർ സ്ഥാപിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട മുന്‍ഗണന പ്രോജക്ടുകള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ലൈഫ് പദ്ധതി, അങ്കണ്‍വാടി പോഷകാഹാര പദ്ധതി, എസ്.എസ്.കെ, പാലിയേറ്റീവ് കെയര്‍ പദ്ധതി, ആശ്രയ പദ്ധതി, ഐ.കെ.എം വിഹിതം, ഭിന്നശേഷി സ്കോളര്‍ഷിപ്പ് എന്നിവ നിര്‍ബന്ധമായും ഏറ്റെടുത്ത് നടപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ബഡ്സ് സ്ക്കൂള് വാഹന സൗകര്യം ഉറപ്പാക്കണം – കളക്ടര്‍
ബഡ്സ് സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് വാഹന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പന്നി ശല്യം. ഇവ പരിഹരിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. പ്ലാന്‍ ഫണ്ട് വിനിയോഗ പുരോഗതി വിലയിരുത്തി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവു നികത്താത്തത് പദ്ധതി നിര്‍വഹണത്തിന് തടസ്സം ഉണ്ടാക്കുന്നതായി യോഗം ഉന്നയിച്ചു. ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ട 237 ഓളം പ്രൊജക്ടുകളില്‍ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഏറ്റെടുത്തിട്ടുണ്ട്. അവ സമയബന്ധിതമായി ഫീസിബിലിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടോയ്ലറ്റ് റിട്രോഫിറ്റിംഗിന് ഗുണഭോക്താക്കളെ ലഭ്യമാകാത്തത് കാരണം പദ്ധതി നടപ്പാക്കുന്നതിന് സാധിക്കുന്നില്ല. ഇത് സംബന്ധിച്ച് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള നടപടി ഉണ്ടാകും.
സി.എഫ്.സി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ രൂപീകരണവും കാര്യക്ഷമമായ വിനിയോഗവും സംബന്ധിച്ച് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.മണികണ്ഠന്, ജാസ്മിന് കബീര്‍, അഡ്വ.എസ്.എന്‍.സരിത, എം.മനു, കെ.ശകുന്തള, വി.വി.രമേശന്, ആര്.റീത്ത ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.