ഭിന്നശേഷി മേഖലയില്‍ നൂതനവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഐ ലീഡ് പദ്ധതിയുടെ രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ അഖില്‍ വി മേനോന്‍ മുഖ്യാതിഥിയായി. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.എസ്.ബിജുരാജ് അദ്ധ്യക്ഷനായി. ഐ ലീഡ് ജില്ലാ കോര്‍ഡിനേറ്റര്‍ സൗരവ് സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡി.നാരായണ, ടി.പ്രകാശന്‍, എം.എം.മധുസൂദനന്‍, കെ.പി.രഞ്ജിത്ത്, ബ്ലോക്ക് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാരായ കെ.എം.ദിലീപ് കുമാര്‍, ടി.കാസിം, പി.രാജഗോപാലന്‍, ബി.ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഇതര ഏജന്‍സികളുടെയും സഹകരണത്തോടു കൂടി ഭിന്നശേഷി മേഖലയില്‍ നടപ്പിലാക്കാവുന്ന നൂതനവും പ്രായോഗികവുമായ പരിപാടികളാണ് ശില്പശാലയിലൂടെ രൂപപ്പെടുത്തിയത്. ശില്പശാലയില്‍ പദ്ധതി നടപ്പിലാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ എസ്.എസ്.കെ മുന്നോട്ടുവെച്ചു.