അനധികൃതമായി ജലസംഭരണം നടത്തിയ പാടശേഖര സമിതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ വി. ആര്‍. കൃഷ്ണതേജ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊയ്ത്ത് കഴിഞ്ഞതിന് ശേഷമുള്ള പാടശേഖരത്തിലെ വെള്ളം ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കും. ദേശീയപാത കടന്നുപോകുന്ന ഇടങ്ങളിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയാന്‍ അടിയന്തര പരിഹാരമുണ്ടാക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ഇടങ്ങള്‍ സന്ദര്‍ശിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം ചേര്‍ന്ന് കൂടുതല്‍ ജാഗ്രതയോടെ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചു.

വേനല്‍ കനത്ത സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ എല്‍.പി, യു.പി വിഭാഗങ്ങളിലും അങ്കണവാടികളിലും വാട്ടര്‍ ബെല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. പുനര്‍ഗേഹം ഭവനനിര്‍മാണ പദ്ധതിയില്‍ ഓഖിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കടപ്പുറം പഞ്ചായത്തിലെ ഐസോലേഷന്‍ വാര്‍ഡ് പാലിയേറ്റീവ് രോഗീ പരിചരണത്തിന് ഉപയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചെങ്കിലും രാത്രിക്കാല ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കണമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂരില്‍ കുടിവെള്ളത്തിന് അടിയന്തര പരിഹാരം കാണണമെന്നും സുനാമി കോളനിയിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചേറ്റുവ ഹാര്‍ബറിനെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് അഴീക്കോട് ഹാര്‍ബര്‍ ലേലത്തില്‍ പോകുന്നതെന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കടപ്പുറം കടല്‍ഭിത്തി നിര്‍മാണം മാര്‍ച്ച് 10നകം പൂര്‍ത്തിയാക്കാനും തീരുമാനമായി.

വാടാനപ്പള്ളി സി.എച്ച്.സി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ ആവശ്യപ്പെട്ടു. എക്‌സ്-റേ പ്ലാന്റിന് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാവറട്ടി കുപ്പികഴുത്ത് റോഡ് വീതി കൂട്ടല്‍, തൃത്തലൂര്‍, എളമക്കര, നടുവില്‍കര പ്രദേശങ്ങളില്‍ വെള്ളം അടിയന്തരമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

അവണൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ കോളനി നിവാസികള്‍ പട്ടയത്തിനായി നല്‍കിയ അപേക്ഷയില്‍ ജനുവരിയില്‍ അദാലത്ത് നടത്തി വിവരശേഖരണം നടത്തിയതായും താലൂക്കില്‍ തുടര്‍നടപടി പുരോഗമിക്കുന്നതായും സേവ്യര്‍ ചിറ്റിലപ്പള്ളി എം.എല്‍.എയുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കി. പൂളാക്കല്‍ പ്രദേശത്ത് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന് വാട്ടര്‍ ടാങ്ക് നിര്‍മാണം വേഗത്തിലാക്കുക, മെഡിക്കല്‍ കോളജിന് സമീപത്തെ തലപ്പിള്ളി ഭാഗത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടി, മുണ്ടൂര്‍ പുറ്റേകര കുപ്പിക്കഴുത്ത് പ്രശ്‌നം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

എം.എല്‍.എ ഫണ്ട് വിനിയോഗം നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കണമെന്ന് കെ കെ രാമചന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഒഴിഞ്ഞ തസ്തികകളില്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണം, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം, ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യങ്ങളും ഉന്നയിച്ചു.

മുണ്ടത്തിക്കോട് വാതകശ്മശാനം തുറന്നുനല്‍കണമെന്നും ഭൂസര്‍വേ, ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സബന്ധിച്ച് പ്രദേശവാസികള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും രമ്യ ഹരിദാസ് എം.പി.യുടെ പ്രതിനിധി കെ. അജിത്ത് കുമാര്‍ ആവശ്യപ്പെട്ടു.

കലക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രിയുടെ പ്രതിനിധി പ്രസാദ് പാറേരി, ബെന്നി ബെഹ്നാന്‍ എം പിയുടെ പ്രതിനിധി ടി. എം. നാസര്‍, എ ഡി എം ടി.മുരളി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.