അതികഠിന വേനലില്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി കെ. രാജന്‍
ജില്ലയിലെ വേനല്‍ക്കാല മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതികഠിനമായി എത്തുന്ന വേനല്‍കാലത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
അടുത്ത മൂന്നുമാസക്കാലയളവിലെ വേനലിനെ ഗൗരവമായി കണ്ടുകൊണ്ട് വിവിധ വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കുടിവെള്ളപ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരം മുന്‍കൂട്ടി കാണണമെന്നും മന്ത്രി പറഞ്ഞു. വ്യാപകമായി പൈപ്പുകള്‍ പൊട്ടുന്നത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആദിവാസി മേഖലകളിലെ കുടിവെള്ളം ഉറപ്പുവരുത്തുവാനും വന്യജീവികള്‍ക്ക് ജലലഭ്യത സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച വിലയിരുത്തല്‍, കുളങ്ങളുടെ നവീകരണം, കുടിവെള്ള വിതരണം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഓരോ സ്ഥലത്തിനും അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുവാനും തൊഴിലാളികളുടെ സമയം സംബന്ധിച്ച ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്ക്കുശേഷം വിലയിരുത്തല്‍ യോഗം ചേരാനും തീരുമാനം കൈക്കൊണ്ടു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, റൂറല്‍ പോലീസ് സൂപ്രണ്ട് നവനീത് ശര്‍മ്മ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.