ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾ ഉടൻ രൂപീകരിക്കും

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്തിയുടെ അധ്യക്ഷതയിൽ നെടുങ്കണ്ടം ഗവ. വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ചേർന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ ഉടൻ രൂപീകരിക്കുമെന്നും ഇതോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .ഭൂപ്രദേശത്തിൻ്റെ പ്രത്യേകതകൾ, സവിശേഷ കാലാവസ്ഥ തുടങ്ങി ഇടുക്കിക്ക് നിരവധി പ്രത്യേകതകളുണ്ട്. ഇടുക്കിയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. 1960 ലെ ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ട രൂപീകരണം അന്തിമ ഘട്ടത്തിലാണ്. നിയമഭേദഗതി പ്രകാരം പട്ടയ ഭൂമിയിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിക്കാൻ കഴിയും.

1964 ലെ കൃഷി ആവശ്യത്തിനായുള്ള പതിവ് ചട്ടം, 1995 ലെ നഗരസഭ / കോർപ്പറേഷൻ മേഖലയിലെ വീടിനും ചെറിയ കടകൾക്കുമുള്ള ഭൂമിയുടെ ഉപയോഗം എന്നിവയിലെ ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിനും നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്. മലയോര ജനത ജീവിത വൃത്തിക്കായി ഭൂമി തരം മാറ്റി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലംഘനം ക്രമീകരിക്കാൻ കഴിയും. ഇതാണ് സർക്കാർ നിലപാടെന്നും ഇതിനായുള്ള ചട്ടങ്ങൾ തയ്യാറാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ഉപജീവനത്തിനായി ഭൂമി തരം മാറ്റി ഉപയോഗിച്ചത് ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തും. ഇതിനായുള്ള അപേക്ഷകളിൽ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, പട്ടയഭൂമിയിൽ നിർമിച്ച സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു നിർമ്മിതികൾ തുടങ്ങി പൊതു ആവശ്യത്തിനായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ ക്രമീകരണം സംബന്ധിച്ച നടപടികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തും. മതസ്ഥാപനങ്ങളുടെ നിർമിതികൾ, സമുദായ സംഘടനയുടെ സ്ഥാപനങ്ങൾ, ഭിന്നശേഷി അവകാശ സംരക്ഷണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ – അർധസർക്കാർ ഭൂമിയിലെ പൊതു ആവശ്യത്തിനായുള്ള വാണിജ്യ കേന്ദ്രങ്ങളോട് കൂടിയ നിർമ്മിതികൾ എന്നിവ ഉൾപ്പെടുന്ന ഭൂമിയുടെ ക്രമീകരണം വേഗത്തിലാക്കാൻ നടപടികൾ ലഘൂകരിക്കും. ഏത് ആവശ്യത്തിനാണോ തരം മാറ്റി ഉപയോഗിക്കുന്നത് ആ ഭൂമി ക്രമീകരിക്കാൻ അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. ഇതുമായി ബന്ധപ്പെട്ട കോടതി വിധികൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകൾ പരിശോധിച്ച ശേഷമാകും ചട്ടങ്ങൾ രൂപീകരിക്കുക.വകമാറ്റി ഉപയോഗിച്ച ഭൂമിയുടെ ക്രമീകരണം, പുതുതായി മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള ചട്ടം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് ചട്ടങ്ങൾ രൂപീകരിക്കുക.നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫീസ് ഈടാക്കും. എന്നാൽ പിഴ ഈടാക്കില്ല. നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കുന്നതിനു ക്വാറികൾക്ക്  അനുമതി അനുമതി  സംബന്ധിച്ചും ഉടൻ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിൻ്റെ തനത് വരുമാനം 2016 ൽ 26 % ആയിരുന്നു. ഇപ്പോൾ 73% ആയി. കഴിഞ്ഞ മൂന്ന് വർഷത്തെ തനത് നികുതി വരുമാനത്തിലും വലിയ വർധനയുണ്ട്. 47000 കോടിയിൽ നിന്ന് 81000 കോടി രൂപ ആയാണ് വർധിച്ചത്. ആകെ തനത് വരുമാനം 55000 കോടിയിൽ നിന്ന് 104000 കോടിയായി വർധിച്ചു. കടം വരാൻ കഴിഞ്ഞു. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് പല പദ്ധതി ചെലവുകളും നിറവേറ്റുന്നത്. എന്നാൽ കേരളത്തിൻ്റെ പങ്ക് വർധിക്കുകയും കേന്ദ്രത്തിൻ്റെ പങ്ക് കുറയുകയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ചെലവിൻ്റെ 70% സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നു. ഈ സാമ്പത്തിക വർഷം ഇത് 75% ആകുമെന്നാണ് കരുതുന്നത്. കേരളത്തിൻ്റെ ആഭ്യന്തര ഉത്പാദനം വർധിക്കുകയാണ്. 2016 ൽ മൊത്തം ആഭ്യന്തര ഉത്പാദനം 560000 കോടി രൂപ ആയിരുന്നു. ഇപ്പോൾ 13, 11000 കോടി രൂപയാണ് ആഭ്യന്തര ഉത്പാദനം. പ്രതിശീർഷ വരുമാനം 2016 ൽ 148000 രൂപയായിരുന്നു. ഈ വർഷം അത് 228000 രൂപയായി.

മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, എം എൽ എ മാരായ എം എം മണി, വാഴൂർ സോമൻ, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, മുൻ എം പി ജോയ്സ് ജോർജ്, മുൻ എം എൽ എ കെ.കെ. ജയചന്ദ്രൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് എന്നിവർ പങ്കെടുത്തു.