ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
മുൻകരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ച് 15-ാം വർഷം മുതലാണ് സംസ്ഥാനത്തിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. കരാറിൽനിന്ന് പിന്മാറിയാൽ സർക്കാരിന് വൻ നഷ്ടപരിഹാരം നൽകേണ്ട, 2045ൽ മാത്രം അന്തിമഘട്ടം പൂർത്തിയാക്കേണ്ട ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയതോടെ സപ്ലിമെന്ററി കരാറിലൂടെ 2028ൽ തന്നെ പൂർത്തിയാകുന്ന പദ്ധതിയായി വിഴിഞ്ഞം മാറി, 2034 മുതൽ സംസ്ഥാനത്തിന് വരുമാനവും ലഭിച്ചു തുടങ്ങും. നിർമ്മാണം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.

രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻസ്ഷിപ്‌മെന്റ്, സെമി ഓട്ടോമേറ്റഡ് തുറമുഖം എന്നീ ഖ്യാതികളൊക്കെ വിഴിഞ്ഞത്തിന് സ്വന്തം. 2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതൽ മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തി. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുർക്കിയെ ഉൾപ്പെടെ സുഗമമായി ബെർത്ത് ചെയ്തു വിഴിഞ്ഞം ആഗോളശ്രദ്ധനേടി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സർവീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,370.86 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും (തിരിച്ചടയ്ക്കേണ്ടതായുള്ള വി.ജി.എഫ് വായ്പ ) 2497 കോടി രൂപ അദാനി പോർട്സും വഹിക്കുന്നു. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ 114.30 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന പുലിമുട്ട് നിർമ്മാണം പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിങ്ങോടെയാണ് പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ വഴിയായതിനാൽ ഉണ്ടായിരുന്ന വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും നികത്താൻ വിഴിഞ്ഞത്തിന് കഴിയും. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആർ.എം.ജിക്രെയിൻ ഓപ്പറേറ്ററായി മത്സ്യത്തൊഴിലാളി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തിൽ ശ്രദ്ധ നേടി. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ച വിഴിഞ്ഞത്ത് 67 ശതമാനം ജീവനക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 35 ശതമാനം പേരും തദ്ദേശീയരാണ്. നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളർച്ച കൂടി പരിഗണിച്ചു ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു കേരളം.
കരുത്തോടെ കേരളം – 12