ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.
ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി. സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ഷോർട്ട് സ്റ്റേ ഹോം പ്രവർത്തനങ്ങൾക്ക് 30,86,528 രൂപ നൽകി. വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് 4,15,000 രൂപയും വിദ്യാർത്ഥികൾക്കുളള ഹോസ്റ്റൽ സൗകര്യത്തിനായി 7,44,000 രൂപയും സർക്കാർ അനുവദിച്ചു. ട്രാൻസ്ജെൻഡർ ദമ്പതികൾക്കായുളള വിവാഹ ധനസഹായം 60,000 രൂപ സാമൂഹിക അംഗീകാരത്തോടൊപ്പം സാമ്പത്തികപരമായ പിന്തുണയും നൽകുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി ഒരു കലാട്രൂപ്പ് യാഥാർത്ഥ്യമാക്കി ‘അനന്യം പദ്ധതി ആരംഭിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി/പി.ജി കോഴ്സുകൾ പഠിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വർഷത്തിൽ 24,000 രൂപവരെ ധനസഹായം നൽകുന്ന ‘വർണ്ണം’ പദ്ധതി നടപ്പാക്കി. മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള പരിശീലനത്തിന് സാമ്പത്തികസഹായം അനുവദിക്കുന്ന ‘യത്നം’ പദ്ധതി, അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലനത്തിന് ‘സാകല്യം’ പദ്ധതി, തുടർവിദ്യാഭ്യാസം സാധ്യമാക്കാൻ ‘സമന്വയ’ പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന ‘കരുതൽ’ പദ്ധതി തുടങ്ങിയവ സർക്കാരിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. ട്രാൻസ് വ്യക്തികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, അമിത ഉത്കണ്ഠ എന്നിവ പ്രതിരോധിക്കുന്നതിന് പിയർ കൗൺസിലർമാർക്ക് പരിശീലനം നൽകി ജില്ലകളിൽ സജ്ജമാക്കുന്ന പ്രത്യേക പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ടു.
കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ ട്രാൻസ്ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നത് അവർക്ക് ഒരുമിച്ചു കൂടാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം നൽകുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും പുരോഗതിക്കുമായുള്ള ബോധവത്കരണ പരിപാടികൾക്കായി നിയമ വിദഗ്ദ്ധർ, ഡോക്ടർമാർ, ജെൻഡർ വിഷയ വിദഗ്ദ്ധർ, ട്രാൻസ്ജെൻഡർ പ്രതിനിധികൾ എന്നിവരടങ്ങുന്ന ജില്ലാതല റിസോഴ്സ് പൂൾ രൂപീകരിച്ചു. പ്രകൃതിദുരന്തങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 30 ട്രാൻസ്ജെൻഡർ/ക്വിയർ വ്യക്തികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകിയതും സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം നൽകിയതും അവരെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ടാണ്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 1357 പേർക്ക് വ്യക്തിഗത ഗുണഭോക്ത്യ പക്തികൾക്കായി 6.17 കോടി രൂപ അനുവദിച്ചു.
സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ, വ്യക്തികൾക്കിടയിൽ തന്നെയുള്ള പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ ഒരു ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ സ്ഥാപിച്ചത് ഈ സമൂഹത്തിന് സുരക്ഷിതവും ആശ്രയയോഗ്യവുമായ ഒരിടം നൽകുന്നു. വിവിധ പദ്ധതികളിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.