സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടുകൊണ്ട് നിർവഹിച്ചു.
സാധ്യമായ ഇടങ്ങളിലെല്ലാം പച്ചക്കറി കൃഷി വ്യാപിപ്പിച്ചുകൊണ്ട് മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിഷരഹിത പച്ചക്കറി ഉൽപാദനം സാധ്യമാക്കുന്നതിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചില്ലെങ്കിൽ മികച്ച രീതിയിൽ പച്ചക്കറി വിളവെടുക്കാൻ വരുന്ന ഓണക്കാലത്ത് നമുക്ക് കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ജൈവ കാർഷിക മിഷൻ, സബ്മിഷൻ ഓൺ നാച്ചുറൽ ഫാർമിങ്ങ് എന്നീ പദ്ധതികളിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ വകുപ്പ് നടപ്പിലാക്കും. നാച്ചുറൽ ഫാമിംഗ് രീതികൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ നടപടിയായി ആന്ധ്രാ പ്രദേശുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി ഇനങ്ങളായ കത്തിരി, വഴുതന, തക്കാളി, വെണ്ട, മുളക് തൈകളാണ് നട്ടത്. ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണികളിൽ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കാർഷികോൽപാദന കമ്മീഷണർ ഡോ. ബി. അശോക് ഐ.എ.എസ്, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കൃഷി വകുപ്പ്, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.