കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാൻ പ്രധാന പാതകളിലും നഗരങ്ങളിലും കെ.എസ്.ഇ.ബി ഇതി തകം 63 അത്യാധുനിക ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ദീർഘദൂര യാത്രകൾ ഉൾപ്പെടെയുള്ള ഇ.വി ഉപയോഗം കൂടുതൽ പ്രായോഗികമാക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകൾക്ക് സമീപം എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 1,169 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത് ചാർജിംഗ് കൂടുതൽ സൗകര്യപ്രദമാക്കി. ഊർജ്ജ കാര്യക്ഷമത ഏജൻസിയായ അനർട്ട്, സംസ്ഥാനത്തുടനീളം 35 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ പബ്ലിക് ഇ.വി ചാർജിംഗ് സ്റ്റേഷൻ സൗരോർജ്ജവത്കരിക്കാനുള്ള സാമ്പത്തികസഹായം അനർട്ട് മുഖേന നൽകുന്നു. ഒരു കിലോവാട്ടിന് 20,000 രൂപ മുതൽ, 50 കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിന് 10 ലക്ഷം രൂപ വരെ ഇതിനായി സബ്സിഡി നൽകുന്നു. ഇതിന്റെ ഭാഗമായി 14 സ്വകാര്യ സ്ഥാപനങ്ങൾക്ക് സബ്സിഡി നൽകിയിട്ടുണ്ട്. ഇതു കൂടാതെ, ഗതാഗത വകുപ്പ് ചാർജിംഗ് മെഷീനുകൾക്ക് നൽകുന്ന സബ്‌സിഡി 23 സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
എല്ലാ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ കെ.എസ്.ഇ.ബി പദ്ധതികൾ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. റിഫ്രഷ് & റീ ചാർജ് എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നതോടെ നാല് വാഹനങ്ങൾക്ക് വരെ ഒരേസമയം ചാർജ്ജ് ചെയ്യാനാവും.
ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ കഫറ്റേരിയ, ശുചിമുറി, വൈഫൈ സംവിധാനം എന്നിവയും ചാർജിംഗ് സ്റ്റേഷനിൽ ഒരുക്കും. ഈ സംയോജിത ശ്രമങ്ങൾ കേരളത്തിന്റെ ഇ-മൊബിലിറ്റി സ്വപ്നങ്ങൾക്ക് ചിറകു നൽകുകയാണ്. കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെയും സാങ്കേതികവിദ്യ നവീകരിക്കുന്നതിലൂടെയും കേരളം ഇലക്ട്രിക് വാഹന സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കാണ് അതിവേഗം കുതിക്കുന്നത്.
കരുത്തോടെ കേരളം- 74