ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സ്ത്രീ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. 2025 സെപ്റ്റംബർ 17 മുതൽ 2026 മാർച്ച് എട്ട് വരെയാണ് ക്യാമ്പയിൻ നടക്കും.

ജില്ലയിലെ ഏഴ് ഹെൽത്ത് ബ്ലോക്കുകളിലെ 309 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നാഷണൽ ഹെൽത്ത് മിഷന്റെ അഞ്ച് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള 314 കേന്ദ്രങ്ങൾ വഴിയാണ് സേവനം ഉറപ്പാക്കുന്നത്.

വിളർച്ച ,പ്രമേഹം, രക്തസമ്മർദം, വായിലെ ക്യാൻസർ, ഗർഭാശയ ഗള ക്യാൻസർ, ക്ഷയരോഗ സ്ക്രീനിംഗ്, കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധകുത്തിവയ്പുകൾ ,ഗർഭകാല പരിചരണം ,മുലയൂട്ടൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പരിചരണം ഇവയാണ് സ്ത്രീ ക്ലിനിക്കുകൾ വഴി ഉറപ്പാക്കുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, വാത്തിക്കുടി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുരിക്കാശ്ശേരി സെന്റ്. മേരീസ് ഫൊറോന ചർച്ച് ഹാളിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പയിനിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോളി സുനിൽ അധ്യക്ഷത വഹിച്ചു. ക്ഷയ രോഗ ലക്ഷണങ്ങൾ സ്ക്രീൻ ചെയ്യുന്നതിനായിട്ടുള്ള ടിബി സീലിൻ്റെ ഉദ്ഘാടനവും എംപി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ വിഷയാവതരണം നടത്തി. പരിപാടിയിൽ ക്യാമ്പയിൻ്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനവും നടന്നു.

സ്ത്രീ ക്യാമ്പയിൻ്റെ ഭാഗമായി ഉദ്ഘാടന ഹാളിൽ ഗൈനക്കോളജി, പീഡിയാട്രിക്, ജനറൽ മെഡിസിൻ ,മാനസികരോഗ വിഭാഗം ,നേത്രരോഗ വിഭാഗം ശ്വാസകോശരോഗം വിഭാഗം ജീവിതശൈലി രോഗനിർണയം, ഫാർമസി രജിസ്ട്രേഷൻ ഉൾപ്പെടെ ഒൻപത് കൗണ്ടറുകൾ പൊതുജന സേവന സേവനത്തിനായി സജ്ജീകരിച്ചു.

പരിപാടിയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ദേശീയതലത്തിൽ നിന്നും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായെത്തിയ വിവിധ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: സ്ത്രീ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അഡ്വ. ഡീൻ കുര്യാക്കോസ് എംപി സംസാരിക്കുന്നു.