കണ്ണപുരം കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ കറിവേപ്പില ഗ്രാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി പ്രഭാകരന്‍ ഓക്സിലറി അംഗങ്ങള്‍ക്ക് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും തൈ നല്‍കി സമ്പൂര്‍ണ കറിവേപ്പില ഗ്രാമപഞ്ചായത്താക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2000 കുടുംബശ്രീ, ഓക്സലറി അംഗങ്ങള്‍ക്ക് തൈകള്‍ നല്‍കും. തുടര്‍ന്ന് ബാലസഭാ തലത്തിലും വീടുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം വിപുലീകരിക്കും.

കണ്ണപുരം ടൗണ്‍ എ ഡി എസില്‍ നടന്ന പരിപാടിയില്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ വി സുനില അധ്യക്ഷയായി. സി ഡി എസ് അംഗം പി.സി ഷൈമ, എ ഡി എസ് സെക്രട്ടറി പി ശ്രീലത, എ ഡി എസ് അംഗങ്ങള്‍, ഓക്സിലറി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.