സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പൊന്മള ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഭരണകാലയളവില്‍ പഞ്ചായത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ഉദ്ഘാടന വേദിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് ഒളകര അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ വീഡിയോയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോയും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹരിതകര്‍മ സേനാംഗങ്ങളെയും കേരളോത്സവം വിജയികളെയും ആദരിച്ചു.

പൊന്മള പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സദസ്സ് പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഹറാബി കൊളകാടന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ അക്ബര്‍ അലി, എം.കെ. ഷാഹിദ യുസഫ്, രാധ നാരായണന്‍കുട്ടി, സകീന ഷാജഹാന്‍, നിസാര്‍ മുല്ലപ്പള്ളി എന്നിവര്‍ ആശംസ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സി.കെ. രവീന്ദ്രന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ കുടുംബശ്രീ,ഹരിത കര്‍മസേനാംഗങ്ങള്‍,ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു.