അഴീക്കോട് ഗവ. ഫിഷറീസ് എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. അടുത്ത അധ്യയന വർഷത്തോടുകൂടി കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ച് കുട്ടികൾക്കും അധ്യാപകർക്കും മികച്ച പഠനാന്തരീക്ഷം ഒരുക്കാനാകുമെമെന്ന് എം.എൽ.എ പറഞ്ഞു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ അജീഷ് അധ്യക്ഷനായി.

കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 142 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്റ്റെയർകേസും ഉൾപ്പെടുന്നു.

പരിപാടിയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന, വാർഡ് മെമ്പർ പി എ ജലജ, പാപ്പിനിശ്ശേരി എ ഇ ഒ ജാൻസി ജോൺ, സ്‌കൂൾ എച്ച് എം എൽ വിനിത തുടങ്ങിയവർ സംസാരിച്ചു.