കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന 80 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് ഇനി ഇലക്ട്രോണിക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാകും. അലിംകോ മുഖേനെ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇലക്ട്രിക്ക് വീല്‍ചെയര്‍ ലഭ്യമാക്കിയത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി. ബിജു, നാഷണല്‍ ട്രസ്റ്റ് ലോക്ക് ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ പി.കെ സിറാജ്, കമ്മിറ്റി അംഗം ഡോ. പി.ഡി. ബെന്നി എന്നിവര്‍ ചേര്‍ന്ന് ഇലക്ട്രിക്ക് വീല്‍ചെയര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കൈമാറി.

നിലവില്‍ കളക്ടറേറ്റില്‍ വീല്‍ചെയര്‍ സൗകര്യം ലഭ്യമാണെങ്കിലും 80 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറിന്റെ ആവശ്യകത മനസിലാക്കിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ജില്ലാ സാമൂഹ്യനീതി ഓഫീസ്, ജില്ലാ ഭരണകൂടം, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവ ചേര്‍ന്ന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഭിന്നശേഷി ഉപകരണ വിതരണ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍, എഡിഎം കലാഭാസ്‌കര്‍ എന്നിവര്‍ സന്നിഹിതരായി.