‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്സ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ, സെലിബ്രിറ്റികൾ എന്നിവർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പരിപാടികൾ ഉണ്ടായിരിക്കും.
10 ലക്ഷത്തോളം പേരാണ് പുതുതായി ജനുവരി ഒന്നിന് വ്യായാമത്തിലേക്കെത്തുന്നത്. നവ കേരളം കർമ്മ പദ്ധതി – ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായ 10 പദ്ധതികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതശൈലി രോഗ പ്രതിരോധത്തിനുമായുള്ള പ്രവർത്തനങ്ങൾ. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിപുലമായ ജനപങ്കാളിത്തത്തോട് കൂടിയ ഒരു ജനകീയ കാമ്പയിൻ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
വൈബ് 4 വെൽനസ്സിലൂടെ നാല് മേഖലകളിൽ ബോധവൽക്കരണ പരിപാടികൾക്കാണ് തുടക്കമിടുന്നത്. നല്ല ഭക്ഷണശീലം, വ്യായാമം പ്രോത്സാഹിപ്പിക്കൽ, ഉറക്കവും വിശ്രമവും, മാനസിക സുസ്ഥിതി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 5416 ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും, 10,000 യോഗ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സ്ഥിരമായുള്ള പ്രവർത്തനങ്ങൾ നടത്തി മുഴുവൻ ആളുകൾക്കും ആരോഗ്യ സുസ്ഥിതിക്ക് അവസരം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. 2026ലെ പുതുവൽസര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്. ക്യാമ്പയിന്റെ ഭാഗമായി കാസർഗോഡ് നിന്ന് ഡിസംബർ 26 ന് ആരംഭിച്ച വിളംബര ജാഥ തിരുവനന്തപുരത്തെത്തി.
